ഹോണ്‍ചര്‍ച്ചിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദി ആല്‍ബനി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം സംസാരിക്കുന്നത് നിരോധിച്ചു. സ്‌കൂളിന്റെ അച്ചടക്കം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നിയമമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. അതേസമയം പുതിയ നീക്കം കുട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംസാരിക്കുന്നത് നിരോധിക്കുന്ന യുകെയിലെ ആദ്യത്തെ സ്‌കൂളാണ് ദി ആല്‍ബനി. കുട്ടികളുടെ സ്വഭാവദൂഷ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ പ്രാചീന നിയമം വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. വരാന്തയിലും ക്ലാസ് മുറികളിലും ഇരുന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 30 മിനിറ്റ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകാറുണ്ടെന്ന് കുട്ടികള്‍ പറയുന്നു.
വളരെ അച്ചടക്കത്തോടെ ക്യൂ നിന്നുവേണം സ്‌കൂളിലെ കുട്ടികള്‍ ക്ലാസുകളില്‍ പ്രവേശിക്കാന്‍. നിശ്ബദത പാലിക്കാനുള്ള പുതിയ നിയമം കളിസ്ഥലങ്ങളിലും ബാധകമാണ്. കളിക്കുമ്പോള്‍ കുട്ടികള്‍ അനാവശ്യമായി സംസാരിക്കുന്നുവെന്നാണ് അധികൃതര്‍ ചൂണ്ടി കാണിക്കുന്നത്. 2015ലാണ് അച്ചടക്ക നടപടികള്‍ ശക്തമാക്കുന്നതിനാവശ്യമായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്ന് സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുന്നത്. 2016 സെപ്റ്റംബറില്‍ വാല്‍ മാസോണ്‍ ഹെഡ് ടീച്ചറായി സ്ഥാനമേറ്റതിന് ശേഷം അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് 11 വര്‍ഷം ഹ്യുമാനിറ്റീസ് ടീച്ചിംഗ് രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് വാല്‍ മാസോണ്‍.
ഈ വര്‍ഷം ജൂണിലാണ് നിശബ്ദത പാലിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. കുട്ടികളിലെ അച്ചടക്കം വളര്‍ത്താന്‍ കര്‍ശനമായി നിയമങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് മാസോണ്‍ പറഞ്ഞു. വളരെ ഉയര്‍ന്ന അക്കാദമിക് നിലവാരത്തിലേക്ക് വളരാന്‍ അത് സഹായിക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ ക്ലാസില്‍ ഏകാന്തമായിരിക്കുന്ന കുട്ടികളുടെ എണ്ണം പകുതിയായി. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും തുല്യമായി അക്കാദമിക് സാഹചര്യമൊരുക്കാനാണ് സ്‌കൂള്‍ ശ്രമിക്കുന്നതെന്നും മാസോണ്‍ വ്യക്തമാക്കി. അതേസമയം നിരവധി മാതാപിതാക്കള്‍ സ്‌കൂളിന്റെ തീരുമാനത്തിനെതിരായി രംഗത്ത് വന്നു. ചിലര്‍ കുട്ടികളെ സ്‌കൂളിലേക്ക് പഠനത്തിനയക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്റെ കുട്ടിയെ മാസങ്ങളായി ഇവര്‍ ഭീഷണിപ്പെടുത്തുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ഒരു കുട്ടിയുടെ മാതാവ് പറയുന്നു.
Leave a Reply