ന്യൂസ് ഡെസ്ക് മലയാളം യുകെ
2024 ലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് യുഎസിലെ ന്യൂജേഴ്‌സിയിൽ നിന്നുള്ള ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ ഹിർഷ് വർധൻ സിംഗ്. ന്യൂജേഴ്‌സി ഗവർണർ പദവി ഉൾപ്പെടെ നിരവധി ഓഫീസുകളിലേക്ക് മുമ്പ് മത്സരിച്ചിരുന്നു. ഇതോടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ-അമേരിക്കൻ ആയി മാറും മുപ്പത്തെട്ടുകാരനായ ഈ എഞ്ചിനീയർ. ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കനായ ഹിർഷ് സിംഗ് സ്വന്തമായി തന്നെ ഒരു രാഷ്ട്രീയക്കാരനായല്ല മറിച്ച് എഞ്ചിനീയർ ആയാണ് വിശേഷിപ്പിക്കുന്നത്. പ്രശ്‌നങ്ങൾ നേരിടാനുള്ള കഴിവ് തൻെറ തൊഴിലിൽ നിന്നുമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
കോവിഡ് -19 വാക്സിനേഷൻ താൻ ഇതുവരെയും സ്വീകരിക്കാത്തതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥി താനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹിർഷ് വർധൻ സിംഗിൻെറ മാതാപിതാക്കൾ യുഎസിലേക്ക് കുടിയേറിയവരാണ്. യുഎസ്‌എയിലെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലാണ് അദ്ദേഹത്തിൻെറ ജനനം. 2009-ൽ ന്യൂജേഴ്‌സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് നേടിയ ശേഷം, മിസൈൽ പ്രതിരോധം, സാറ്റലൈറ്റ് നാവിഗേഷൻ, വ്യോമയാന സുരക്ഷ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഹിർഷ് കുടുംബ സ്ഥാപനം നടത്തുന്നതിലും പിതാവിനെ സഹായിച്ചു.
2017-ൽ ന്യൂജേഴ്‌സിയിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിച്ച സിംഗ് 9.9 ശതമാനം വോട്ട് വിഹിതം മാത്രം നേടി, മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തി. 2018 -ൽ യുഎസ് സെനറ്റിലേക്കും കോൺഗ്രസിലേക്കും 2020 -ൽ യുഎസ് സെനറ്റിലേക്കും 2021ൽ ഗവർണർ പദവിയിലേയ്ക്കും മത്സരിച്ചെങ്കിലും സിംഗ് പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള വ്യവസായി വിവേക് രാമസ്വാമിക്കും സൗത്ത് കരോലിന മുൻ ഗവർണർ നിക്കി ഹേലിക്കും ശേഷം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ-അമേരിക്കക്കാരനാണ് 38 കാരനായ ഹിർഷ് സിംഗ്.
Leave a Reply