ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഭാര്യ മരിച്ചതിനു ശേഷം മുൻപ് തയ്യാറാക്കിയ ഭ്രൂണം വാടക ഗർഭപാത്രത്തിൽ ഉപയോഗിക്കുവാൻ കോടതി അനുമതി നൽകിയിരിക്കുകയാണ്. ടെഡ് ജെന്നിങ്സ് എന്ന മുപ്പത്തെട്ടുകാരനാണ് ഈ ആവശ്യം സംബന്ധിച്ച് കോടതിയിൽ എത്തിയത്. 2019 ൽ ഇരട്ട കുട്ടികളെ ഗർഭം ധരിച്ചിരുന്ന അവസ്ഥയിൽ മരണപ്പെട്ടതാണ് ടെഡിന്റെ ഭാര്യ നാല്പതുകാരിയായിരുന്ന ഫെൺ മേരി ചോയ. തന്റെ ഭാര്യയുടെ എല്ലാവിധ സമ്മതത്തോടെയുമാണ് ഈ ഭ്രൂണം തയാറാക്കിയതെന്ന് ടെഡ് കോടതിയിൽ പറഞ്ഞു. അതിനാൽ തന്നെ ചോയയുടെ ലിഖിതമായ അനുമതി ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. മുൻപ് ഹ്യൂമൻ ഫേർട്ടിലൈസേഷൻ ആൻഡ് എംബ്ര്യയോളജി അതോറിറ്റി ടെഡിന്റെ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ടെഡിന്റെ ഭാര്യയുടെ മരണം അപ്രതീക്ഷിതമായിരുന്നുവെന്നും, അതിനാൽ തന്നെ അനുവാദം നൽകാനുള്ള സമയം ഉണ്ടായില്ലെന്നും കോടതി വിലയിരുത്തി.

 

ഭാര്യയ്ക്ക് തന്റെ ആവശ്യത്തിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നുള്ള ടെഡിന്റെ വാദമാണ് കോടതി മുഖ വിലയ് ക്കെടുത്തത്. ട്രിനിഡാഡിൽ നിന്നും യു കെ യിലെത്തിയ ദമ്പതികൾക്ക് മുൻപ് രണ്ടു തവണ ഗർഭധാരണം സംഭവിച്ചെങ്കിലും, അത് അലസി പോവുകയായിരുന്നു. പിന്നീട് ഉണ്ടായ ഗർഭധാരണത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് തുടരുവാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞതിനുശേഷവും തന്റെ ഭാര്യ ഗർഭധാരണം തുടരുവാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ടെഡ് കോടതിയിൽ വെളിപ്പെടുത്തി. ടെഡിന്റെ ആഗ്രഹം നിരാകരിക്കുന്നത് ന്യായമല്ല എന്നാണ് കോടതി വിലയിരുത്തിയത്.