റ്റിജി തോമസ്
ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ ജീവിതം ഒരു പെൻഡുലത്തിന്റെ ആദ്യ രണ്ട് അധ്യായങ്ങൾ വായിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നാണ്. ആഴ്ചപതിപ്പിൽ തുടർ അധ്യായങ്ങൾ വായിക്കുന്നില്ലെന്ന് അന്നേ തീരുമാനിച്ചു. കാരണം ചില പുസ്തകങ്ങൾ ഓരോരോ ആഴ്ചയുടെ ഇടവേളകളിൽ വായിക്കാനുള്ളതല്ല. തുടർ വായനയിലൂടെ ആസ്വദിക്കാനുള്ളതാണ്. അത്രമാത്രമാണ് ആദ്യ രണ്ട് അധ്യായങ്ങളുടെ മനോഹാരിത. പിന്നീട് നാളുകൾക്ക് ശേഷമാണ് ആയിരത്തിലധികം പേജുകളുള്ള പുസ്തകം വായനയ്ക്കായി കൈയ്യിലെത്തി ചേർന്നത്.
പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ വായിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന വ്യക്തികളുടെയും നാടിന്റെയും സമൂഹത്തിന്റെയും രേഖാ ചിത്രങ്ങൾ ഒട്ടേറെ നാൾ മനസ്സിൽ ഒളി മങ്ങാതെ നിൽക്കും . 2022ലെ വയലാർ അവാർഡ് ലഭിച്ച പുസ്തകമാണ് ജീവിതം ഒരു പെൻഡുലം. ആത്മകഥയാണ് ഈ പുസ്തകം എങ്കിലും അതിനപ്പുറം പറഞ്ഞറിയിക്കാൻ പറ്റാത്ത വായനാനുഭവം ഈ പുസ്തകം പ്രദാനം ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും? ഒട്ടേറെ സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ച മലയാളികൾ എന്നും കേൾക്കാനാഗ്രഹിക്കുന്ന ഗാനങ്ങൾ എഴുതിയ ആദരണീയനായ എഴുത്തുകാരന്റെ രചനാ ശൈലി തന്നെയാണ് അതിന് പ്രധാന കാരണം.
മലയാളത്തിൽ എഴുതപ്പെട്ടതിൽ ഏറ്റവും വലിയ ആത്മകഥ ജീവിതം ഒരു പെൻഡുലം ആയിരിക്കും. ഒരുപക്ഷേ ഇത്രമാത്രം സംഭാഷണങ്ങൾ നിറഞ്ഞ ഒരു ആത്മകഥാ രചന ലോകത്തിലെ ഏതെങ്കിലും ഭാഷയിൽ ഉണ്ടോ എന്നതും സംശയം തന്നെ . ഓർമ്മകളുടെ നാൾ വഴികളിലൂടെ ഒരാൾക്ക് ഇത്രമാത്രം സൂക്ഷ്മതയോടെ തിരിഞ്ഞു നടക്കാനാകുമോ? പലപ്പോഴും സംഭവങ്ങളും സംഭാഷണങ്ങളും വായിക്കുമ്പോൾ ഓരോ താളിലും ശ്രീകുമാരൻ തമ്പി നമ്മെ അതിശയിപ്പിക്കുന്നത് ജീവിത മുഹൂർത്തങ്ങളുടെയും ഭാഷാ സൗന്ദര്യത്തിനും ഒപ്പം തൻറെ ഓർമ്മശക്തി കൂടെ കൊണ്ടായിരിക്കും. താൻ എഴുതിയ സിനിമാഗാനങ്ങളുടെയും കവിതകളുടെയും പിന്നിലെ ജീവിതമുഹൂര്തങ്ങളുടെ പ്രചോദനം അദ്ദേഹം ആത്മകഥയിൽ വരച്ചുകാട്ടുന്നുണ്ട്. ആയിരത്തോളം പേജുകൾ വായിക്കുമ്പോൾ അദ്ദേഹത്തിൻറെ ബന്ധുജനങ്ങളും പ്രിയപ്പെട്ടവരും നമ്മൾക്ക് വർഷങ്ങളോളം പരിചയമുള്ളവരായി മാറും.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
Leave a Reply