ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനിലെ പവർ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കാൻ റഷ്യ ഒരുങ്ങുന്നുവെന്ന് എംഐ 5 മുന്നറിയിപ്പ്. റഷ്യൻ അട്ടിമറിയുടെ ഭീതിയിൽ സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. യുക്രൈനെതിരെ പൊതുജനാഭിപ്രായം ഉയർത്താൻ ഇന്റലിജൻസ് ഏജന്റുമാരെ അയക്കാൻ പുടിൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസനെയും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെയും ഇന്റലിജൻസ് മേധാവികൾ വിവരമറിയിച്ചിട്ടുണ്ട്.
റഷ്യയുടെ സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഏജന്റുമാരോ യുകെയിൽ കടന്ന് തന്ത്രപ്രധാനമായ സ്ഥലങ്ങൾ ലക്ഷ്യമിടാൻ ശ്രമിച്ചേക്കുമെന്ന ഗുരുതരമായ ആശങ്കയുണ്ട്.’ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. യുദ്ധം ആരംഭിച്ചത് മുതൽ യുക്രൈന് പൂർണ്ണ പിന്തുണയുമായി യുകെ രംഗത്തുണ്ട്. ഈ പിന്തുണ ഇല്ലാതാക്കാനാണ് റഷ്യ ശ്രമിക്കുന്നത്. യുകെ സർക്കാരിനെ അപമാനിക്കാനുള്ള പ്രവർത്തനങ്ങളും അവർ നടത്തും.
ഇതിന്റെ പശ്ചാത്തലത്തിൽ യുകെയിലേക്കുള്ള യാത്രക്കാരെ നിരീക്ഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് പോലീസുകാർ തയ്യാറായിട്ടുണ്ട്. അതേസമയം, ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് , ട്വിറ്റെർ , യൂട്യൂബ് , ടിക്ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിദിനം 200 യുദ്ധ അനുകൂല, പുടിൻ അനുകൂല കമന്റുകൾ പോസ്റ്റ് ചെയ്യാൻ റഷ്യ തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെന്ന വാർത്തയും പുറത്തുവന്നു. സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഒരു വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തൊഴിലാളികൾക്ക് പ്രതിമാസം 45,000 റൂബിൾസ് (£500) വരെ ശമ്പളം ലഭിക്കും. ഇത്തരം നീക്കങ്ങളിലൂടെ യുക്രൈനെ ഒറ്റപ്പെടുത്താനാണ് പുടിൻ ശ്രമിക്കുന്നത്.
Leave a Reply