മെട്രിസ് ഫിലിപ്പ്
ആകെ വെള്ളം ആണല്ലോ. വഴിയിലൂടെ പുഴ ഒഴുകുന്നു. അല്ലന്നേ, പുഴയിലൂടെ വഴി ഒഴുകുന്നു. നാടും നഗരവും വെള്ളത്തിൽ മുങ്ങിയിരിക്കുന്നു. കേരളത്തിലെ, എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞൊഴുകുന്നു. കേരളത്തിൽ ഇപ്പോൾ പ്രളയം ഒരു പതിവായിരിക്കുന്നു. പണ്ടൊക്കെ, ഇതിലും വലിയ മഴയും, ഉരുൾപൊട്ടലും ഉണ്ടായിരുന്നു. എന്നാൽ അന്നൊന്നും, ഇപ്പോഴത്തെ പോലെ വലിയ പ്രളയം ഉണ്ടാകുന്നില്ലായിരുന്നു. എന്തേ, ഇപ്പോൾ ഇത്രയധികം വെള്ളപൊക്കം ഉണ്ടാകുന്നു. 100 കോടി മുടക്കി ഒരു പഠന കമ്മീഷനെ നിയമിച്ചുകൂടെ. നെതർലാൻഡിലെയും ജർമ്മനിയിലെയും ഓടകൾ എങ്ങനെ നിർമ്മിക്കുന്നു എന്നത് കൂടി ചേർത്താൽ ഈ പഠനത്തിന് കൂടുതൽ കരുത്തേകും.
പണ്ടൊക്കെ, എത്ര വെള്ളം വന്നാലും,നിറഞ്ഞൊഴുകിപോകാനുള്ള, , വീതിയും ആഴവും പുഴകൾക്കു ഉണ്ടായിരുന്നു. കാരണം, പുഴയിലെ മണൽ വാരി, ആഴം കൂട്ടിയിരുന്നു. നമ്മുടെ പരിസ്ഥിതിവാദികളുടെ ശക്തമായ സമരം കൊണ്ട്, മണൽ വാരൽ നിർത്തി. പകരം പാറപ്പൊടി ലോബി വളർന്നു വന്നു.
പുഴകളുടെ അതിരുകൾ കയ്യേറിയപ്പോൾ, പുഴ വെള്ളം, അതെല്ലാം ഒലിപ്പിച്ചുകൊണ്ട് പോയി. തോടുകളിൽ, അഴുക്കു നിറഞ്ഞു,നീരൊഴുക്ക് കുറഞ്ഞു. വയൽ എല്ലാം മണ്ണിട്ട് നികത്തി. കൃഷികൾ കുറഞ്ഞു. ഭുമിയിലേക്ക്, വെള്ളം വലിയുന്നില്ല.
റോഡുകൾ ഇപ്പോൾ കുളമായി കിടക്കുന്നത് കൊണ്ട് കുറേ വെള്ളം അതിൽ സംഭരിക്കുന്നു. കിഴക്കൻ വെള്ളം പടിഞ്ഞാറേക്ക് ഒഴുകി വരുന്നത് കൊണ്ട്, കുട്ടനാട് വെള്ളത്തിൽ മുങ്ങികിടക്കുന്നു. കടൽ വെള്ളം ഇറങ്ങി പോകുന്നതിന്റെ, അളവ് കുറയുന്നത് കൊണ്ട്, വെള്ളകെട്ടുകൾ കുറേ ദിവസം ഉണ്ടായേക്കും. കുട്ടനാട് പാക്കേജ് 1000കോടി എങ്ങോട്ട് പോയോ. തണ്ണീർമുക്കം, ഷട്ടറിനുള്ളിൽ കാണും.
മണൽ വാരൽ ഉടൻ തന്നെ തുടങ്ങണം. ആഴം കൂടിയ ഡാമുകളും പുഴകളും തോടുകളും ഉണ്ടായാൽ മാത്രമേ, ഇതിനൊരു പരിഹാരം ഉണ്ടാകു. ഇനിയും ഒരു പ്രളയം നേരിടുവാൻ കേരളത്തിന് കഴിയുമോ. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കഴിഞ്ഞു. വിദേശ സഹായങ്ങൾ ഒഴുകി വരും. അപ്പോൾ കിറ്റുകളുടെ എണ്ണം കൂട്ടാം. ജാഗ്രത മാത്രം മതി. വെള്ളം വീട്ടിനുള്ളിലെ അടുപ്പിനുള്ളിലേക്ക് വരും. 22 കോടി വാടക കൊടുത്ത ഹെലികോപ്റ്ററിന്റെ ടയറിന് കാറ്റുണ്ടോ എന്ന് പരിശോധിച്ചു വെച്ചേരെ. ആവശ്യം വന്നേക്കാം. മതിൽ തീർക്കുന്ന കെ റെയിൽ കൂടി വന്നാൽ, വെള്ളത്തിന് മുകളിലൂടെ ചീറിപ്പായാം.
Leave a Reply