കൊച്ചി ∙ പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിന്റെ ഭാഗമാകുമെന്ന് ഉറപ്പായി. ഇരുവരെയും യുഡിഎഫ് അസോസിയേറ്റ് അംഗങ്ങളാക്കുന്നതിൽ മുന്നണി യോഗത്തിൽ ധാരണയായി. കേരള കോൺഗ്രസ് (എം) നിലപാട് വ്യക്തമാക്കട്ടെയെന്നും അങ്ങോട്ട് ചെന്നു ചർച്ച നടത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേരത്തെ തയ്യാറെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂവരെയും അസോസിയേറ്റ് അംഗങ്ങളാക്കാനാണ് തീരുമാനമെന്നും, സികെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും നേരത്തെ എൻഡിഎ ഘടകകക്ഷികളായിരുന്നുവെന്നും സതീശൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ജനുവരിയിൽ തന്നെ പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. മൂന്ന് പാർട്ടികളും സ്വമേധയാ യുഡിഎഫിനെ സമീപിച്ചതാണെന്നും യാതൊരു ഉപാധിയും അവർ മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. മറ്റ് പാർട്ടികളുമായി യുഡിഎഫ് ചർച്ച നടത്തുന്നില്ലെന്നും, തദ്ദേശ തലത്തിൽ സിപിഎമ്മിനോടോ ബിജെപിയോടോ ധാരണയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ കൂടുതൽ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.











Leave a Reply