തന്നെ വർഗീയവാദിയാക്കാനുള്ള പരിശ്രമമാണ് നടക്കുന്നതെന്ന് നിലമ്പൂർ എം.എല്‍.എ പി.വി അന്‍വര്‍. ഏതൊരാളും മതവിശ്വസി ആയതുകൊണ്ട് അയാൾ വർഗീയവാദിയാകുന്നില്ല. മറ്റുമതങ്ങളെ എതിർക്കുകയും അവരോട് വെറുപ്പ് കാണിക്കുകയും ചെയ്യുന്നതാണ് വർഗീയവാദം. അതുരണ്ടും വേർതിരിയേണ്ടതുണ്ടെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച് നിലമ്പൂരിൽ നടത്തിയ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് പി.വി അൻവറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പനെ അനുസ്മരിച്ചാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്.
ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനമെന്നും ഈ രീതിയില്‍ നിങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് കരുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ വർഗീയമായി കാണുന്ന നിലയിലേക്ക് കേരളവും നീങ്ങുകയാണ്. ഒരാൾ ഒരു വിഷയം ഉന്നയിച്ചാൽ അതിലേക്ക് നോക്കുന്നതിന് പകരം അവന്റെ പേരെന്താണ് എന്നതാണ് ആദ്യത്തെ നോട്ടം. എന്റെ പേര് അൻവർ ആയതുകൊണ്ട് മുസ്ലിം വർഗീയ വാദിയാക്കാനുള്ള പരിശ്രമമാണ്. അഞ്ചുനേരം നമസ്കരിക്കുന്നവരാണ് എന്നതാണ് ഇപ്പോൾ വലിയ ചർച്ച.- അൻവർ കൂട്ടിച്ചേർത്തു
നിലമ്പൂരില്‍ ചന്തക്കുന്നിലെ ബസ്സ്റ്റാന്‍ഡിനടുത്താണ് വന്‍ ജനാവലി പങ്കെടുത്ത യോഗം നടക്കുന്നത്. സിപിഎം മുൻ പ്രാദേശിക നേതാവും അന്‍വറിനൊപ്പം വേദിയിലെത്തി. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകുവാണ് വേദിയിലെത്തി യോഗത്തിന് സ്വാഗതം പറഞ്ഞത്.
Leave a Reply