സ്വന്തം ലേഖകൻ

കൊച്ചി : കേരള രാഷ്ട്രീയത്തിൽ പുതു ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് കിഴക്കമ്പലത്ത് ആം ആദ്മി പാർട്ടി – ട്വന്റി  20 സഖ്യ മുന്നണി നിലവിൽ വന്നു. കനത്ത മഴയുണ്ടാവുമെന്നറിയിച്ചുകൊണ്ട് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടും , സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ജനക്കൂട്ടമാണ് കിഴക്കമ്പലത്തെ മൈതാനത്ത് കെജ്‌രിവാളിനെ കാണുവാനായി ഒഴുകിയെത്തിയത്. കെജ്‌രിവാളിന്റെ കേരളത്തിലേയ്ക്കുള്ള വരവ് തങ്ങളുടെ അന്നം മുടക്കുമെന്ന് മനസ്സിലാക്കിയ മറ്റ് പാർട്ടികളുടെ നേതാക്കൾ ഡെൽഹിയിലെയും പഞ്ചാബിലെയും പോലെ സൈബർ പോരാളികളെ ഇറക്കി കിഴക്കമ്പലത്തെ വലിയ വിജയത്തെ തടയിടുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇന്നത്തെ സമ്മേളന വിജയത്തിൽ അതീവ സന്തുഷ്ടരായ ആം ആദ്മി പാർട്ടിയുടെയും ട്വന്റി 20 യുടെയും സൈബർ നിരയുടെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കുഴയുകയാണ് കേരളത്തിലെ പരമ്പരാഗത പാർട്ടികളിലെ സൈബർ പോരാളികൾ.

ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇത് കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണെന്നും , ഈ സഖ്യം കേരളത്തെ മാറ്റി മറിക്കുമെന്നും കെജ്‍രിവാൾ കിഴക്കമ്പലത്ത് പറഞ്ഞു. പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവർത്തനമെന്നും , ഈ മുന്നണി കേരളത്തിലും ഉറപ്പായി സർക്കാർ രൂപീകരിക്കുമെന്നും പതിനായിരങ്ങളെ സാക്ഷി നിർത്തികൊണ്ട് കെജ്രരിവാൾ പ്രഖ്യാപിച്ചു.

ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയതെന്നും , അത് ദൈവത്തിന്റെ മാജിക്കാണ് അതുകൊണ്ട് കേരളത്തിലും ഇത് സാധ്യമാകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ് കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ദില്ലിയിൽ ആദ്യം ചെയ്തതെന്നും കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടേ , അഴിമതി ഇല്ലാതാക്കണ്ടേ… ദില്ലി മുഖ്യമന്ത്രി ചോദിച്ചു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്‍രിവാൾ പറഞ്ഞു. അതോടൊപ്പം ട്വന്റി 20 കോർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങളെ കെജ്‍രിവാൾ വളരെയധിയകം അഭിനന്ദിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിലെ പഞ്ചാബ് ഡല്‍ഹി ജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രരിവാള്‍ പ്രസംഗം ആരംഭിച്ചത്. താന്‍ മുഖ്യമന്ത്രിയായ ശേഷം ഡല്‍ഹിയില്‍ നിന്ന് അഴിമതി ഇല്ലാതാക്കിയെന്നും ഡല്‍ഹിയില്‍ പവര്‍ കട്ടില്ല, മരുന്നുകളും ചികിത്സയും സൗജന്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു. ക്യാന്‍സറായാലും കിഡ്‌നി മാറ്റിവെയ്ക്കായാലും ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സയ്ക്ക് എത്ര ലക്ഷം ചിലവായാലും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. രാജ്യം ഡല്‍ഹി മോഡലാണ് ചര്‍ച്ച ചെയ്യുന്നതെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.

ആം ആദ്മി പാർട്ടിയും , ട്വന്റി 20യും സംയുക്തമായി നടത്തിയ ഈ മഹാസമ്മേളനത്തിലെ വൻ വിജയം അക്ഷരാർത്ഥത്തിൽ കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ വലിയ രീതിയിലുള്ള ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് യാഥാർത്ഥത്തിൽ ഒരു റെഡ് അലേർട്ട് തന്നെയാണ്  പീപ്പിൾസ് വെൽഫെയർ അലയൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിനംപ്രതി അണികളെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ പാർട്ടികൾക്കിടയിലേയ്ക്ക് ജനക്ഷേമ പ്രവർത്തനം കൊണ്ട് രാജ്യത്തെ ലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ആം ആദ്മി പാർട്ടിയുടെയും , ട്വന്റി 20യുടെയും സംയുക്ത മുന്നണി കടന്ന് വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ വരുമോ എന്ന ചിന്തയിലാണ് പാരമ്പരാഗത പാർട്ടികളിലെ നേതാക്കൾ . എന്നാൽ കെജ്രരിവാളിനും ആം ആദ്മി പാർട്ടിക്കും ഇന്ത്യ മുഴുവനും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത കേരളത്തിലെ ഈ മുന്നണിയുടെ ദ്രുത ഗതിയിലുള്ള വളർച്ചയ്ക്കും ഗുണം ചെയ്യും എന്ന് തന്നെയാണ് കരുതുന്നത്.