ഭീകരബന്ധം ആരോപിച്ചു ഖത്തറുമായുള്ള നയതന്ത്രബന്ധം മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഉപേക്ഷിച്ചതിനു പിന്നാലെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കി. അബുദാബിയിലെ എത്തിഹാദ് എയർവെയ്സ് ചൊവ്വാഴ്ച മുതൽ സർവീസ് നടത്തില്ലെന്ന് അറിയിച്ചു. ദോഹയിലേക്കും തിരിച്ചും വിമാനസർവീസ് ഉണ്ടായിരിക്കില്ല. ദിവസവും നാലോളം സര്‍വീസുകളാണ് എത്തിഹാദിന് ദോഹയില്‍ നിന്നുള്ളത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു എന്നാണ് എത്തിഹാദ് എയര്‍വേയ്സ് വ്യക്തമാക്കിയിരിക്കുന്നത്.
നാളെ പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ദുബായില്‍നിന്ന് ദോഹയിലേക്കു സര്‍വീസ് നടത്തുന്ന ഫ്ലൈ ദുബായിയും സര്‍വീസ് നിര്‍ത്തി. ഖത്തര്‍ ജിസിസി രാജ്യങ്ങളില്‍ ഒറ്റപ്പെട്ട സ്ഥിതിയാണ് ഇപ്പോള്‍. ഒരുപക്ഷേ ജിസിസിയില്‍ നിന്ന് ഖത്തറിനെ പുറത്താക്കിയേക്കാം എന്ന് പോലും അഭ്യൂഹങ്ങളുണ്ട്.
മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന അറബ് രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഒരു രാജ്യം എന്ന നിലയ്ക്ക് ഗള്‍ഫ് മേഖലയില്‍ ഖത്തറിന് ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കുക സാധ്യമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യം എങ്ങനെ ഈ പ്രതിസന്ധി മറികടക്കും എന്നത് നിര്‍ണായകമാണ്. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചതോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും.
Leave a Reply