ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഷീൽഡ് വാക്സിൻ എടുത്തവരെ ക്വാറൻ്റിനിൽ നിന്ന് ഒഴിവാക്കാതിരുന്ന ബ്രിട്ടന് അതേനാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. തിങ്കളാഴ്ച മുതൽ ബ്രിട്ടനിൽനിന്ന് ഇന്ത്യയിലെത്തുന്നവർ 10 ദിവസത്തെ നിർബന്ധിത ക്വാറൻ്റീന് വിധേയമാകേണ്ടിയിരിക്കുന്നു. ഇതോടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വാക്സിൻ നയതന്ത്ര യുദ്ധം മുറുകുകയാണ്. പക്ഷേ ഇത് ഏറ്റവും കൂടുതൽ ദുരിതത്തിലാക്കുന്നത് യുകെയിലുള്ള പ്രവാസി മലയാളികളെയാണ്. കോവിഡ് – 19 പടർന്നുപിടിച്ചതിന് ശേഷം യുകെ മലയാളികളിൽ ഒട്ടു മിക്കവർക്കും കേരളത്തിൽ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. കോവിഡിൻ്റ വ്യാപനം കുറയുകയും രാജ്യാന്തര യാത്രകൾ പുന:സ്ഥാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെയാണ് പുതിയ തീരുമാനം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിങ്കളാഴ്ച മുതൽ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് 10 ദിവസത്തെ ക്വാറൻറീന് പുറമെ രണ്ട് ആർ ടി പി സി ആർ ടെസ്റ്റും നിർബന്ധമാക്കി ഇന്ത്യ ഗവണ്മെൻറ് ഉത്തരവിറക്കിയിരുന്നു. ബ്രിട്ടനിൽ നിന്ന് വരുന്നവർ ഏത് വാക്സിനെടുത്താലും എത്ര തവണ എടുത്താലും പുതിയ നിയമം ബാധകമാണ് . ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സിനാണ് ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് . കോവിഷീൽഡ് എടുത്ത് ഇന്ത്യയിൽനിന്ന് എത്തിച്ചേരുന്നവർ നിർബന്ധമായും 10 ദിവസത്തെ ഹോം ക്വാറന്റീന് വിധേയമാകണമെന്ന ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ള വാക്സിൻ നയതന്ത്ര യുദ്ധമായി പരിണമിച്ചിരിക്കുന്നത് . വാക്സിനല്ല പ്രശ്നം വാക്സിൻ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ മൂലമാണ് ക്വാറന്റീൻ ഏർപ്പെടുത്താൻ യുകെ തീരുമാനിച്ചതെന്ന വിശദീകരണം വന്നെങ്കിലും അതെ നാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യൻ ഗവൺമെൻറ് തീരുമാനിച്ചതാണ് പ്രശ്നങ്ങൾ സങ്കീർണമാക്കിയിരിക്കുന്നത് . ഏതായാലും നാട്ടിൽ പോകാൻ ആറ്റു നോറ്റിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് ഭാരത സർക്കാരിൻറെ പുതിയ നീക്കം.