ന്യൂസ് ഡെസ്ക് , മലയാളം യുകെ

20 വയസ്സിൽ താഴെയുള്ളവരും 50 വയസ്സിനു മുകളിലുള്ളവരും ഓരോ പ്രാവശ്യവും പാസ്പോർട്ട് പുതുക്കുമ്പോൾ ഒ.സി.ഐ കാർഡുകൾ പുതുക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ചും അത് പ്രവാസി മലയാളികൾക്ക് ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മലയാളംയു.കെ ഇതിന് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഈ വർഷാരംഭത്തിൽ നടപ്പാക്കിയിരുന്ന ഈ ഭേദഗതികൾ കോവിഡിൻെറ പശ്ചാത്തലത്തിലും പ്രവാസികളുടെ ഇടയിൽ നിന്ന് വ്യാപകമായി പരാതികൾ ഉണ്ടായതിനാലും നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു എന്നാൽ 2021 ജനുവരി ഒന്നാം തീയതി മുതൽ വീണ്ടും കർശനമായി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ഗവൺമെൻറ്. അതിനാൽ ഒ.സി.ഐ കാർഡ് ഉടമകൾ ഇന്ത്യ സന്ദർശനത്തിനും മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കിയിരിക്കണം.

1) 20 വയസ്സിനു താഴെയുള്ളവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഒ.സി.ഐ കാർഡും പുതുക്കേണ്ടതാണ്.
2) 50 വയസ്സിനു മുകളിലുള്ളവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഒ.സി.ഐ കാർഡും പുതുക്കേണ്ടതാണ്.
3) 20 വയസ്സിനും 50 വയസ്സിനും ഇടയിൽ ഉള്ളവർക്ക് പ്രസ്തുത നിയമം അനുസരിച്ച് ഒ.സി.ഐ കാർഡ് പുതുക്കേണ്ടതില്ല.

ഡിസംബർ 31 നു മുൻപേ ഒ.സി.ഐ കാർഡ് പുതുക്കാതെ പുതിയ പാസ്പോർട്ടുമായി യാത്ര ചെയ്യുന്നവർ ഒ.സി.ഐ കാർഡിൽ സ്റ്റാമ്പ് ചെയ്തിരിക്കുന്ന പാസ്പോർട്ട് നമ്പറുമായി ബന്ധപ്പെട്ട പാസ്പോർട്ടും യാത്രചെയ്യുമ്പോൾ കൈയ്യിൽ കരുതിയിരിക്കണം.

കേന്ദ്ര ഗവൺമെന്റിൻെറ പുതിയ നീക്കം പ്രവാസികളെ സാമ്പത്തികമായി പിഴിയാനും, വിസ സംബന്ധമായ ജോലികൾ ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്ന സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്നും വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്.