ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനും എലിസബത്ത് രാജ്ഞിക്കും ഇത് ചരിത്രനിമിഷം. ലോക ചരിത്രത്തിൽ ഏറ്റവുമധികം നാൾ രാജ്യം ഭരിച്ച രണ്ടാമത്തെ ഭരണാധികാരിയായി എലിസബത്ത് രാജ്ഞി. 70 വർഷവും 126 ദിവസവും ഭരണത്തിലിരുന്ന തായ്‌ലൻഡിലെ ഭൂമിബോൾ അതുല്യതേജ് രാജാവിന്റെ റെക്കോർഡാണ് രാജ്ഞി ഇന്ന് മറികടന്നത്. 1946 മുതൽ 2016 ഒക്ടോബറിൽ മരണമടയുന്നതു വരെയായിരുന്നു അദ്ദേഹം ഭരണത്തിലിരുന്നത്. 70-ാം വയസ്സിൽ മരണമടയുന്നതിനുമുൻപ് ഏറ്റവും നീണ്ടകാലം ഭരണത്തിലിരുന്ന ജീവിച്ചിരിക്കുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ലോക ചരിത്രത്തിൽ ഏറ്റവും നീണ്ടകാലം ഒരു രാജ്യം ഭരിച്ചത് 72 വർഷവും 110 ദിവസവും ഫ്രാൻസ് ഭരിച്ച ലൂയിസ് പതിനാലാമനാണ്. 1643 മുതൽ 1715 വരെയായിരുന്നു ലൂയിസ് പതിനാലാമന്റെ ഭരണകാലാവധി.
70 വർഷവും 91 ദിവസവും രാജ്യം ഭരിച്ച ലൈക്ക്ൻസ്റ്റീനിലെ ജൊഹാൻ രണ്ടാമന്റെ റെക്കോർഡ് കഴിഞ്ഞ മാസം രാജ്ഞി മറികടന്നിരുന്നു. 1929-ൽ തന്റെ മരണം വരെ സിംഹാസനത്തിലിരുന്ന വ്യക്തിയാണ് ജൊഹാൻ രണ്ടാമൻ. നിലവിൽ, ഏറ്റവും അധികം കാലം ഒരു രാജ്യം ഭരിച്ച ജീവിച്ചിരിക്കുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി ഏറ്റവും അധികം കാലം ബ്രിട്ടൻ ഭരിച്ച വ്യക്തി കൂടിയാണ്. 2015 സെപ്റ്റംബറിൽ തന്നെ തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ റെക്കോർഡ് എലിസബത്ത് രാജ്ഞി തകർത്തിരുന്നു.
2022 ഫെബ്രുവരി 6-നായിരുന്നു എലിസബത്ത് രാജ്ഞി രാജസിംഹാസനത്തിൽ ഏറിയതിന്റെ പ്ലാറ്റിനം ജൂബിലി പൂർത്തിയാക്കിയത്. അതിന്റെ ആഘോഷങ്ങൾ ജൂൺ ആദ്യവാരം രാജ്യത്ത് പ്രൗഢഗംഭീരമായി നടന്നു. നേരത്തെ, മായൻ രാജ്യമായ പാലെൻക്യു ഭരിച്ചിരുന്ന കിനിക്ക് ജനാബ് പ്കാലിന്റെ 68 വർഷവും 33 ദിവസവും ഭരണത്തിലിരുന്ന റെക്കോർഡ് 2020ൽ രാജ്ഞി തകർത്തിരുന്നു. തന്റെ 12-ാം വയസ്സിലായിരുന്നു പകാൽ രാജ്യഭരണം ഏറ്റെടുക്കുന്നത്. ക്രിസ്ത്വബ്ദം 250 മുതൽ 900 വരെയായിരുന്നു മായൻ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം. ഇക്കാലത്ത് ഇന്നത്തെ തെക്കൻ മെക്സിക്കോ, ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങൾ അവരുടെ ഭരണത്തിൻ കീഴിലായിരുന്നു.
Leave a Reply