ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറ്റിയാറാം പിറന്നാൾ ആഘോഷങ്ങൾ നോർഫോക്കിലെ സാന്ദ്രിൻഹാം എസ്റ്റേറ്റിൽ വെച്ച് നടത്തപ്പെടുമെന്നുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം രാജ്ഞി പദത്തിലിരുന്ന എലിസബത്ത് രാജ്ഞി ഇന്ന് നോർഫോക്കിലെ എസ്റ്റേറ്റിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിച്ചേരും. തുടർന്ന് മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാവരും രാജ്ഞിയോടൊപ്പം ചേരുമെന്നാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. നോർഫോക്കിൽ ഫിലിപ്പ് രാജകുമാരന് ഏറ്റവും താൽപര്യമുണ്ടായിരുന്ന ഒരു കോട്ടേജിൽ രാജ്ഞി താമസിക്കുകയും ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പിറന്നാളിനോടനുബന്ധിച്ച് രാജ്ഞിയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നിട്ടുണ്ട്. രണ്ടു കുതിരകളോടൊപ്പം നടുവിൽ നിൽക്കുന്ന എലിസബത്ത് രാജ്ഞിയുടെ ചിത്രമാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. വിൻഡ്സർ കാസ്റ്റിലിൽ വെച്ചെടുത്ത ഈ ചിത്രം രാജ്ഞിയുടെ എക്കാലവുമുള്ള കുതിരകളോടുള്ള സ്നേഹം വ്യക്തമാക്കുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിരവധി പ്രമുഖർ രാജ്ഞിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ എന്നിവരെല്ലാം തന്നെ ആശംസകൾ അറിയിച്ചു കഴിഞ്ഞു. അടുത്തിടെ രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നിരവധി പൊതുപരിപാടികളിൽ നിന്നും വിട്ടു നിന്നിരുന്നു. ഈ വർഷം രാജ്ഞി പങ്കെടുത്ത ഏക പൊതുപരിപാടി ഫിലിപ്പ് രാജകുമാരന്റെ താങ്ക്സ് ഗിവിങ് സർവീസിൽ ആയിരുന്നു. തൊണ്ണൂറ്റി ആറാം പിറന്നാൾ ആഘോഷിക്കുന്ന രാജ്ഞി ഈ വർഷം തന്നെ തന്റെ പദവിയിലെത്തിയതിന്റെ എഴുപതാം വാർഷികവും ആഘോഷിക്കുകയാണ്.