ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിലെ ആലപ്പുഴയിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി ) യുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 15 പേർക്ക് വധശിക്ഷ വിധിച്ചത് വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി റിപ്പോർട്ട് ചെയ്തു. ഒട്ടേറെ മലയാളികളാണ് ദിനംപ്രതി ആരോഗ്യ മേഖലയിൽ ജോലി ചെയ്യാനും വിദ്യാർത്ഥി വിസയിലും യുകെയിൽ എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ രാഷ്ട്രീയ കൊലപാതക പരമ്പരകളിലേയ്ക്ക് വിരൽ ചൂണ്ടുന്ന വാർത്തയുടെ നിഴൽ മലയാളികളെ ആകെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തെ കുറിച്ച് വളരെ വിശദമായ റിപ്പോർട്ടു തന്നെ ബിബിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2021 ഡിസംബർ 19 -നാണ് ആലപ്പുഴയിലെ വീട്ടിൽ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് രഞ്ജിത്ത് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയത്.

15 പ്രതികളിൽ എട്ടുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും മറ്റുള്ളവർ വീടിന് പുറത്ത് ആയുധങ്ങളുമായി കാവൽ നിന്നെന്നുമാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു കൊലപാതകത്തിന് 15 പേരെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന അപൂർവ്വതയും ഈ കേസിനുണ്ട്.

ശിക്ഷിക്കപ്പെട്ട 15 പ്രതികളും 2022 -ൽ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ളവരായിരുന്നു. ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെഎസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് അകമായിരുന്നു ശ്രീനിവാസന്റെ കൊലപാതകം. ഷാനിൻ്റെ കൊലപാതകം നടന്ന് ഏതാനും മാസങ്ങൾക്കകം സമർപ്പിച്ച കുറ്റപത്രത്തിൽ 21 പേരാണ് പ്രതി പട്ടികയിലുള്ളത്. ഈ കേസിന്റെ വിചാരണ അടുത്തമാസം ആരംഭിക്കും.

ആലപ്പുഴ ജില്ലയിൽ 2021-ൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകത്തിൽ ഒടുവിലത്തേതായിരുന്നു രഞ്ജിത്ത് വധം . 2021 ഫെബ്രുവരി 24 -ന് വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ .നന്ദു കൃഷ്ണ കൊല്ലപ്പെട്ടതാണ് തുടക്കമായത്. ആദ്യ രണ്ടു കേസുകളിലും കോടതി നടപടികൾ പൂർത്തിയായിട്ടില്ല.

തങ്ങളുടെ നഷ്ടം നികത്താനാവാത്തതണെന്നും എന്നാൽ കോടതിവിധി ആശ്വാസം നൽകുന്നതാണെന്നും രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ ലിഷ പ്രതികരിച്ചു. ശ്രീനിവാസൻ്റെയും ഷാനിൻ്റെയും ഉൾപ്പെടെയുള്ള കൊലപാതകം കേരളത്തിലെ ജനങ്ങളെ ഞെട്ടിച്ചതായും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വാർത്താ പ്രാധാന്യം നേടിയതായും ബിബിസി വാർത്തയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.