ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
70 വർഷം രാഷ്ട്രത്തിൻറെ രാജ്ഞി ആയിരുന്നതിനപ്പുറം ബ്രിട്ടനിലെ ജനങ്ങൾക്ക് അന്തരിച്ച എലിസബത്ത് രാജ്ഞയോടുള്ള സ്നേഹവും ബഹുമാനവും വൈകാരിക അടുപ്പവും എടുത്തു കാണിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി രാജ്യത്ത് സംഭവിക്കുന്നത്. സ്നേഹാദരത്തോടെ ബ്രിട്ടൻ ഇന്ന് എലിസബത്ത് രാജ്ഞിയ്ക്ക് യാത്രാമൊഴിയേകും. അഞ്ഞൂറിലധികം ലോക നേതാക്കളും വിശിഷ്ടാതിഥികളുമാണ് മൃതസംസ്കാര ശുശ്രൂഷയിൽ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ , ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു തുടങ്ങിയ നൂറിലധികം ലോക നേതാക്കൾ ചടങ്ങുകളിൽ പങ്കെടുക്കാൻ രാഷ്ട്ര തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു.
രാജ്യമെമ്പാടും നിന്നും ലണ്ടനിലേയ്ക്ക് ജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. 10 ലക്ഷത്തിലധികം പേർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിച്ചേരുമെന്നാണ് ഏകദേശ കണക്ക്. ജനങ്ങൾക്ക് സുഗമമായി എത്തിച്ചേരാൻ 250 അധിക ട്രെയിൻ സർവീസുകളാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്കാര ചടങ്ങുകളുടെ തത്സമയ ദൃശ്യം യുകെയിൽ ഉടനീളം കാണിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തപെട്ടിട്ടുണ്ട്. രാജ്യത്തെ സിനിമ തിയേറ്ററുകളിലും പ്രധാന തെരുവുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനുകളും ആണ് ഇതിനായി ഉപയോഗിക്കുന്നത്. രാവിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് മൃതദേഹവുമായി വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോകും. 1600 സൈനികരാണ് 8 കിലോമീറ്റർ യാത്രയിൽ അകമ്പടിയേകുന്നത്. 10,000 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
രാജ്യത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ഒട്ടുമിക്ക കടകൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപ്പെടെയുള്ളവർ ഇന്നലെ തന്നെ ആവശ്യസാധനങ്ങൾ മേടിക്കുന്ന തിരക്കിലായിരുന്നു .
Leave a Reply