ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് രാജസിംഹാസനത്തിൽ എഴുപത് വർഷം പൂർത്തിയാക്കിയെന്ന അത്യപൂർവ നേട്ടത്തിന് ഉടമയാണ് എലിസബത്ത് രാജ്‍ഞി. ഇന്നാണ് ആ ദിനം. പിതാവിന്റെ മരണത്തെ തുടർന്ന് 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്‍ഞി രാജസിംഹാസനത്തിന് ഉടമയായത്. പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ഇന്ന് 70–ാം വാർഷികാഘോഷങ്ങളില്ല. പകരം ജൂണിൽ 4 ദിവസം നീളുന്ന ആഘോഷചടങ്ങുകൾ ഉണ്ട്. ജൂൺ രണ്ട് മുതൽ അഞ്ച് വരെ നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപക പുഡിങ്​ മത്സരങ്ങൾ, സൈനിക പരേഡുകൾ, പാർട്ടികൾ എന്നിവ സംഘടിപ്പിക്കും. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് ഏഴു വർഷം മുൻപ് 95കാരിയായ എലിസബത്ത് മറികടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിംഹാസനാരോഹണത്തിന്റെ രജത ജൂബിലി ആഘോഷ വേളയിൽ ഏറെ സന്തോഷവതിയായാണ് രാജ്ഞി സന്ദേശം നൽകിയത്. സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെ ; ‘സിംഹാസനാരോഹണത്തിന്റെ വാർഷികം എന്ന പോലെ എന്റെ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെ കുറിച്ച് ഞാൻ ഓർക്കുന്ന ഒരു ദിവസമാണിത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകൾ സാമൂഹികമായും സാങ്കേതികമായും സാംസ്കാരികമായും അസാധാരണമായ പുരോഗതി നാം കൈവരിച്ചു. എന്റെ കുടുംബത്തിന്റെ സ്‌നേഹനിർഭരമായ പിന്തുണ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. എപ്പോഴും എന്നോട് ചേർന്ന് നിന്ന് നിസ്വാർത്ഥമായി പ്രവർത്തിച്ച ഫിലിപ്പ് രാജകുമാരൻ എന്റെ ഭാഗ്യമായിരുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എനിക്ക് തുടർന്നും നൽകുന്ന വിശ്വസ്തതയ്ക്കും വാത്സല്യത്തിനും ഞാൻ നന്ദിയുള്ളവളായിരിക്കും. എന്റെ മകൻ ചാൾസ് രാജാവാകുമ്പോൾ, നിങ്ങൾ എനിക്ക് നൽകിയ അതേ പിന്തുണ അവനും അവന്റെ ഭാര്യ കാമിലയ്ക്കും നൽകുമെന്നറിയാം. കാമില തന്റെ വിശ്വസ്ത സേവനം തുടരുന്നതിനാൽ അവൾ ‘ക്വീൻ കൺസോർട്ട്’ ( Queen Consort- പട്ടമഹിഷി) എന്ന് അറിയപ്പെടണമെന്നാണ് എന്റെ ആത്മാർത്ഥമായ ആഗ്രഹം. (ഈ പദവി നൽകുന്നതിലൂടെ കാമില ഭാവിയിൽ രാജ്ഞി എന്നറിയപ്പെടും) അതിനാൽ, പൂർണ്ണഹൃദയത്തോടെ നിങ്ങളെ സേവിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ജൂബിലി കുടുംബങ്ങളെയും സുഹൃത്തുക്കളെയും അയൽക്കാരെയും സമൂഹത്തെയും കൂട്ടിയോജിപ്പിക്കുന്നതാകണം.’

ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടം നേടിയിട്ടുണ്ട്.