ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടീഷ് പാർലമെന്റിന്റെ ഈ വർഷത്തെ സമ്മേളനങ്ങളുടെ തുടക്ക ചടങ്ങിന് എലിസബത്ത് രാജ്ഞി പങ്കെടുക്കില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം അധികൃതർ അറിയിച്ചിരിക്കുകയാണ്. 1963 നു ശേഷം ആദ്യമായാണ് രാജ്ഞി ഈ ചടങ്ങിൽ പങ്കെടുക്കാതിരിക്കുന്നത്. സാധാരണയായി ഈ ചടങ്ങിൽ രാജ്ഞിയുടെ പ്രസംഗവും ഉണ്ടാകും. എന്നാൽ ഇത്തവണ ചാൾസ് രാജകുമാരനാകും രാജ്ഞിക്ക് പകരം ആ പ്രസംഗം നടത്തുക എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാജ്ഞിക്ക് ഉണ്ടായിരിക്കുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളും, നടക്കുന്നതിനുള്ള ബുദ്ധിമുട്ടുമാണ് ചടങ്ങിൽ പങ്കെടുക്കാതിരിക്കാനുള്ള കാരണമെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്ഞിയുടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലം അടുത്തിടെ നിരവധി പൊതുചടങ്ങുകളിൽ നിന്ന് അവർ വിട്ടുനിന്നിരുന്നു.
ഹൗസ് ഓഫ് ലോർഡ്സിലെ രാജ്ഞിയുടെ കസേര പ്രതീകാത്മകമായി ഒഴിച്ചിടും. വിൻഡ്സർ കാസ്റ്റിലിൽ ഇരുന്ന് രാജ്ഞി ലൈവായി ചടങ്ങുകൾ കാണുമെന്നാണ് കൊട്ടാരം അധികൃതർ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം വരെ രാജ്ഞി ഈ ചടങ്ങിൽ പങ്കെടുക്കുമെന്ന് തന്നെയായിരുന്നു അധികൃതർ വ്യക്തമാക്കിയിരുന്നത്. ചികിത്സിക്കുന്ന ഡോക്ടർമാരുമായുളള കൂടിക്കാഴ്ചക്ക് ശേഷമാണ് ചടങ്ങ് പങ്കെടുക്കേണ്ട എന്നൊരു തീരുമാനത്തിൽ എത്തിയതെന്ന് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. രാജ്ഞിക്ക് പകരം ചാൾസ് രാജകുമാരനും, വില്യം രാജകുമാരനുമാണ് പാർലമെന്റ് ഔദ്യോഗികമായി ആരംഭിക്കാനുള്ള അനുവാദം നൽകിയിരിക്കുന്നത്.
ഫിലിപ്പ് രാജകുമാരനു വേണ്ടി നടത്തിയ താങ്ക്സ് ഗിവിങ് സർവീസിൽ മാത്രമാണ് അടുത്തിടെയായി രാജ്ഞി പങ്കെടുത്തത്. മറ്റ് നിരവധി ചടങ്ങുകൾ അവർ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഒഴിവാക്കുകയാണ് ചെയ്തത്. 1959 ലും 1963 ലും ഗർഭിണിയായിരുന്ന സമയത്ത് മാത്രമാണ് രാജ്ഞി ഈ ചടങ്ങ് മുടക്കിയത്. ചടങ്ങുകളിൽ നിന്നുള്ള പിന്മാറ്റം രാജ്ഞിയുടെ ആരോഗ്യത്തെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക നൽകുന്നതാണ്.
Leave a Reply