സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തെ തടയാൻ യുകെ പൂർണമായും ഒരുങ്ങിക്കഴിഞ്ഞോ എന്ന ചോദ്യവുമായി ആരോഗ്യമേധാവികൾ. ഈ വിഷയത്തിൽ അടിയന്തര അവലോകനം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ അടിയന്തര നടപടി ആവശ്യമാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലൂടെ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകി. റോയൽ കോളേജ് ഓഫ് സർജൻസ്, നഴ്സിംഗ്, ഫിസിഷ്യൻ, ജിപി എന്നിവരുടെ പ്രസിഡന്റുമാർ എല്ലാവരും കത്തിൽ ഒപ്പിട്ടു. ഇംഗ്ലണ്ടിലെ ലോക്ക്ഡൗണിൽ കൂടുതൽ ലഘൂകരണം ഏർപ്പെടുത്തിയതിന് ശേഷമാണ് ആരോഗ്യമേധാവികളുടെ ഈ ഇടപെടൽ. എൻഎച്ച്എസിന് പ്രവർത്തിക്കുവാൻ ആവശ്യമായുള്ളതെല്ലാം നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജൂലൈ 4 മുതൽ പബ്ബുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, ഹെയർ സലൂണുകൾ എന്നിവ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു.
രണ്ട് മീറ്റർ നിയമത്തിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും 2 മീറ്റർ നിയമം സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ തുടരും. “യുകെയിലെ പകർച്ചവ്യാധിയുടെ ഭാവി രൂപം പ്രവചിക്കാൻ പ്രയാസമാണെങ്കിലും, ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത് പ്രാദേശിക രോഗവ്യാപന സാധ്യതകൾ കൂടുതലാണെന്നാണ്.” അവർ എഴുതി. രണ്ടാമത്തെ രോഗവ്യാപനം യഥാർത്ഥ അപകടസാധ്യതയുള്ളതാണെന്നും മേധാവികൾ മുന്നറിയിപ്പ് നൽകി. ലീസസ്റ്റർ, ആംഗ്ലെസി, ക്ലെക്ക്ഹീറ്റൻ എന്നിവിടങ്ങളിൽ രോഗം ഇതിനകം പൊട്ടിപുറപ്പെട്ടുകഴിഞ്ഞു. മാർച്ചിൽ രോഗം പൊട്ടിപ്പുറപ്പെട്ട അവസ്ഥയിൽ നിന്നും വളരെ വ്യത്യസ്തമാണ് യുകെയിലെ ഇന്നത്തെ സ്ഥിതി. രോഗബാധിതരെ തിരിച്ചറിയുന്നതിനായി പരിശോധനാ ശേഷി പ്രതിദിനം ആയിരത്തിൽ നിന്ന് 200,000 ആയി ഉയർന്നു. രോഗം ബാധിച്ചവരെ കണ്ടെത്തുന്നതിന് കോൺടാക്റ്റ് ട്രേസറുകളും പ്രവർത്തിക്കുന്നുണ്ട്.
എങ്കിലും പരിശോധനകളുടെ വേഗതക്കുറവും ട്രേസിങ് ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമാകാത്തതും ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എൻഎച്ച്എസ് ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തിന് നന്ദി പറഞ്ഞതോടൊപ്പം രണ്ടാം ഘട്ട വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു. നൈറ്റ്ക്ലബ്ബുകൾ, കാസിനോകൾ, ഇൻഡോർ പ്ലേ ഏരിയകൾ, നെയിൽ ബാറുകൾ, ബ്യൂട്ടി സലൂണുകൾ, നീന്തൽക്കുളങ്ങൾ, ഇൻഡോർ ജിമ്മുകൾ എന്നിവ ജൂലൈ 4 ന് തുറന്ന് പ്രവർത്തിക്കില്ല. ജൂലൈ 6 മുതൽ ബിയർ ഗാർഡനുകൾ പോലുള്ള ഔട്ട്ഡോർ ഹോസ്പിറ്റാലിറ്റി ഏരിയകൾ തുറക്കാൻ കഴിയും. ജൂലൈ 10 മുതൽ ആളുകൾക്ക് അതിഥികളെ വീട്ടിൽ സ്വീകരിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ന് 171 പേർ കൂടി രോഗം ബാധിച്ചു മരണപ്പെട്ടു. ബ്രിട്ടനിലെ ആകെ മരണസംഖ്യ 42,927 ആയി ഉയർന്നു.
Leave a Reply