ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഊർജ്ജ ഉപഭോഗം കൂടിയ സമയങ്ങളിൽ ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യുക, പാചകം ചെയ്യുക, പോലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കിയാൽ ഇനി പണം ലാഭിക്കാം. ഉപഭോഗം കൂടിയ സമയങ്ങളിൽ കുറഞ്ഞ ഊർജം ഉപയോഗിച്ചാൽ വീട്ടുകാർക്ക് വൈദ്യുതി ബില്ലിൽ ഇളവ് ലഭിക്കുന്ന പദ്ധതി ആവിഷ്കരിക്കാൻ നാഷണൽ ഗ്രിഡ് ഒരുങ്ങുന്നു. ഉപഭോഗം കുറച്ച 100,000 ഉപഭോക്താക്കൾക്ക് ഒക്ടോപസ് എനർജി ഇൻസെന്റീവ് വാഗ്ദാനം ചെയ്തിരുന്നു. എല്ലാ വിതരണക്കാരിൽ നിന്നും നാഷണൽ ഗ്രിഡ് അഭിപ്രായം ആവശ്യപ്പെട്ടിട്ടുണ്ട്.

ഊർജ്ജ സ്ഥാപനങ്ങൾ സമ്മതിച്ചാൽ മാസങ്ങൾക്കുള്ളിൽ ബ്രിട്ടനിലെ വീടുകളിൽ ഈ പദ്ധതി ആവിഷ്കരിക്കും. ഊർജ്ജ വിലകൾ 40 വർഷത്തെ ഏറ്റവും വേഗതയേറിയ നിരക്കിൽ വർദ്ധിക്കുകയാണ്. 1982 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേയ്ക്ക് പണപ്പെരുപ്പം ഉയർന്നു – 9.1%. എനർജി പ്രൈസ് ക്യാപിലെ മാറ്റങ്ങൾ കാരണം എനർജി ബിൽ കുത്തനെ ഉയർന്നു. ഒക്ടോബറിൽ വില ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ.

നാഷണൽ ഗ്രിഡിന്റെ നിർദ്ദേശങ്ങൾ പരീക്ഷിച്ച ഊർജ വിതരണക്കാരായ ഒക്ടോപസ് എനർജി, വൈകുന്നേരങ്ങളിൽ ഉപഭോഗം കുറയ്ക്കുന്ന കുടുംബങ്ങൾക്ക് പണം നൽകാൻ തുടങ്ങി. ഓരോ രണ്ട് മണിക്കൂർ ട്രയൽ വിൻഡോയിലും ഉപഭോക്താക്കൾ ശരാശരി 23 പെൻസ് ലാഭിച്ചിട്ടുണ്ടെന്നും ചിലർ 4.35 പൗണ്ടിന്റെ നേട്ടമുണ്ടാക്കിയതായും പറയുന്നു. റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശം ഊർജ്ജ ബില്ലുകളിൽ വൻതോതിലുള്ള വർധനവിനും ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കും ആക്കം കൂട്ടി.