സിന്ധു ഷാജി

കുത്ബതുൽഐൻ താങ്കൾ എവിടെയാണ്? മൂന്നാം ആകാശത്തിലേക്ക് ചിറകു വിടർത്തി പറന്നു പോയിട്ട് എത്ര നാളായി?’
ജിന്നുകളുടെ രാജാവല്ലേ
വരൂ … താങ്കൾഅരികിലെത്താതെ എങ്ങനെയെൻ്റെ കഥ പൂർത്തിയാവും?

കുഞ്ഞിപ്പാത്തുമ്മ വിതുമ്പിക്കരഞ്ഞു. പിന്നെ.. പിന്നെ ഏങ്ങലടിയുടെ ശബ്ദമുയർന്നു.
കുഞ്ഞിപ്പാത്തുമ്മ വായിച്ച പുസ്തകങ്ങളിലെ കഥയ്ക്കുള്ളിലെ ജിന്നായിരുന്നു
കുത്ബതുൽഐൻ. ‘അത്ഭുതകരമായ കണ്ണ്’ എന്നാണ് ആ വാക്കിനർത്ഥം. എന്താണെന്നറിയില്ല കുഞ്ഞിപ്പാത്തുമ്മയോടൊപ്പം കൂടി ജിന്ന്. മറ്റാർക്കും കാണാൻ കഴിയില്ല.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ ‘മഴ പെയ്യുമ്പോൾ’ എന്ന മഹത്തായ കവിതയിലെ വരികൾ പോലെ മഴ പെയ്യുമ്പോൾ മിഴിയാൽ പൊതിഞ്ഞൊരു കുടയായി കൂടെ നിന്നും വേനലുരുകുമ്പോൾ വേരാഴം നിറയുന്ന തണലായും ദാഹിച്ചു നിൽക്കുമ്പോൾ മോഹിച്ചു പോകുന്ന തെളിനീർച്ചോലയായും വഴി തെറ്റിപ്പോകുമ്പോൾ വിരലായും ജിന്ന് അവളുടെ കൂടെയുണ്ടായിരുന്നു.നേരം പാതിരയാകുമ്പോൾ അവളെ ഉറക്കി കിടത്തിയിട്ട്, തൻ്റെ ഗരുഢൻ്റെതിനുതുല്യമായ വലിയ വെളുത്ത ചിറകുകൾ വിടർത്തി അനന്തമായ ആകാശത്തിൻ്റെ പല തലങ്ങളിലേക്കും പറന്നു പോകും. പിന്നെ ദിവസങ്ങൾ കഴിഞ്ഞാവും തിരിച്ചു വരിക. ആ സമയങ്ങളിൽ കുഞ്ഞിപ്പാത്തുമ്മ വല്ലാത്ത വിരഹത്തോടെ.. ഉൾത്തുടിപ്പോടെ.. പ്രിയപ്പെട്ട ജിന്നിനെയും കാത്തിരിക്കും.

ഒരിക്കൽ ഈജിപ്തിലേക്കു യാത്രപോയ കുത്ബതുൽ ഐൻ അവൾക്കു മനോഹരമായ നീല നിറത്തിലെ തിളങ്ങുന്ന കല്ല് സമ്മാനിച്ചു. പ്രാചീന സപ്താത്ഭുതങ്ങളിൽ അവശേഷിക്കുന്ന ഗിസയിലെ ബൃഹത് പിരമിഡായ ‘ഖുഫു’സന്ദർശിച്ചപ്പോൾ ലഭിച്ചതാണീ നീലക്കല്ല്. അവൾക്ക് അത് പുതിയ അറിവായിരുന്നു. ഖുഫുപിരമിഡിൻ്റെ ചരിത്രം അറിയാനവൾക്ക് ആകാംക്ഷ തോന്നി. അവനോട് അതിനെക്കുറിച്ച് പറയാനവൾ നിർബന്ധിച്ചു. ഖുഫു എന്ന ഫറോവ (ഈജിപ്ത് ഭരിച്ച രാജാവ്) സ്വന്തം ശവകുടീരം കാത്തുസൂക്ഷിക്കാൻ വേണ്ടി നിർമ്മിച്ചതാണീ പിരമിഡ്. അവൻ പറഞ്ഞു . ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഉയരം കൂടിയതുമായ വാസ്തുശില്പമായി ഇന്നും നിലകൊള്ളുന്നു. ജിന്നിന്റെ വാക്കുകൾ കേട്ട അവളാ നീലക്കല്ലിനെ അത്ഭുതം നിറഞ്ഞ മിഴികളോടെ നോക്കി.

കുഞ്ഞിപ്പാത്തുമ്മയോടൊപ്പം അവൻ സഞ്ചരിക്കുമ്പോൾ.. ജീവിതത്തിൽ ആരോരുമില്ലാതെ ഒറ്റപ്പെട്ട് പലതരം ജീവിതയാഥാർത്ഥ്യങ്ങളോട് പൊരുതി ജീവിക്കേണ്ടി വന്നപ്പോൾ, യാത്രകൾ ചെയ്യേണ്ടി വന്നപ്പോൾ എല്ലാം അവളുടെ മുഖത്ത് ഒരു പ്രത്യേകതരം പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. കാരണം താനൊറ്റക്കല്ല; മറ്റാർക്കും കാണാൻ കഴിയാത്ത എല്ലാ കാലങ്ങളെയും മനസ്സിലാക്കാൻ കഴിയുന്ന അമാനുഷിക കഴിവുകളുള്ള തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ തന്നോടൊപ്പം ഉണ്ടെന്ന ആത്മധൈര്യം അവളെ ഏത് പ്രതിസന്ധികളെയും ലാഘവത്തോടെ പുഞ്ചിരിയോടെ നേരിടാൻ സജ്ജയാക്കി.

കുത്ബതുൽ ഐൻ ഇപ്പോൾ കഴിവതും അവളെ തനിച്ചാക്കാറില്ല. യാത്രകളുടെ ഇടവേളകളിൽ രാത്രികളിലും പകലുകളിലും അവളോടൊപ്പമുണ്ട്. രാത്രിയിൽ താൻ സഞ്ചരിച്ച നാടുകളിലെ പ്രത്യേകതകൾ.. എന്തിനേറെ പറയുന്നു പ്രശസ്ത ചിത്രകകലാകാരനായ ലിയനാർഡോ ഡാവിഞ്ചിയെ അദ്ദേഹമറിയാതെ നിരീക്ഷിച്ച അനുഭവം അവളോട് പങ്കുവച്ചു. ജിന്നിന് ഡാവിഞ്ചി മഹാത്ഭുതമായിരുന്നു.ശില്പി, ചിത്രകാരൻ, വാസ്തുശില്പി, ശാസ്ത്രജ്ഞൻ, ശരീരശാസ്ത്ര വിദഗ്ധൻ, സംഗീത വിദഗ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായ ബഹുമുഖ പ്രതിഭയായിരുന്നു ഡാവിഞ്ചി . അദ്ദേഹം ‘തിരുവത്താഴം’ എന്ന മ്യൂറൽ പെയിൻ്റിoഗ് ചെയ്യുമ്പോഴും ‘മോണോലിസ’യെ സൃഷ്ടിക്കുമ്പോഴും കുത്ബതുൽ ഐൻ ഡാവിഞ്ചി അറിയാതെ തൻ്റെ അത്ഭുതകരമായ കണ്ണുകൾ കൊണ്ട് പെയിൻ്റിംഗുകളുടെ സൗന്ദര്യം ആവാഹിച്ച് കൂടെയിരുന്നു. ‘തിരുവത്താഴ’ത്തിൽ യേശുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾക്ക് മറിയത്തിൻ്റെ ഛായയാണെന്ന് മനസ്സിലാക്കി. യഥാതഥമായ ചിത്രങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ഡാവിഞ്ചി പിന്നീട് വെളുത്ത പശ്ചാത്തലം മാറ്റിഇരുണ്ട പശ്ചാത്തലം തെരഞ്ഞെടുത്തു തുടങ്ങി. ചിത്രത്തിലെ പ്രധാന വസ്തുവിന് ത്രിമാന പ്രതീതി ലഭിക്കുവാൻ പല നിഴലുകൾ ഉള്ള ഇരുണ്ട ശൈലി ഉപയോഗിച്ചു തുടങ്ങി. ജിന്നിനെ ഡാവിഞ്ചിയുടെ ഹെലിക്കോപ്റ്ററിൻ്റെ മാതൃക നിർമ്മിക്കൽ, കാൽക്കുലേറ്ററിൻ്റെ ആശയംകണ്ടെത്തൽ , അണക്കെട്ട് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ ആകർഷിച്ചു. ജിന്ന് തൻ്റെ കണ്ണു കൊണ്ട് കണ്ട അത്തരം അതിശയ കാഴ്ചകൾ കുഞ്ഞിപ്പാത്തുമ്മയോട് പങ്കുവച്ചു.

രാത്രിയുടെ യാമങ്ങളിൽ അവൾക്ക് ഏറെ ഇഷ്ടമുള്ള “കരയുന്നോ പുഴ ചിരിക്കുന്നോ ” എന്ന സിനിമാ ഗാനവും “ഒന്നിനി ശ്രുതി താഴ്ത്തിപ്പാടുക പൂങ്കുയിലേ ” എന്ന ഗാനവും പാടിക്കൊടുക്കുമായിരുന്നു.
കുഞ്ഞിപ്പാത്തുമ്മാ നീയെൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ ഞാൻ നിൻ്റെ നിഴലാണ് എന്ന് പറയുമായിരുന്നു.
പല പല മനുഷ്യരുടെ ശബ്ദങ്ങളിൽ കഥകൾ പറഞ്ഞ് അവളെ ചിരിപ്പിക്കുമായിരുന്നു. ഞാനെത്രയോ ഭൂമിയിലെദേശങ്ങളിലും ആകാശ ദേശങ്ങളിലും യാത്രകൾ ചെയ്തു കൊണ്ടിരിക്കുന്നു. കുഞ്ഞിപ്പാത്തുമ്മാ നിൻ്റെ നിഷ്ക്കളങ്കമായ മനസ്സും ഏകാന്തതയും ദുർഘടമായ ജീവിതാവസ്ഥകളുമാണ് എന്നെ നിന്നിലേക്കെത്താൻ പ്രേരിപ്പിച്ചത്. എപ്പോഴും നിനക്ക് പിടിക്കാനുള്ള വിരലായി ഞാനുണ്ടാകും. ; നീയാണെൻ്റെ കാവൽ മാലാഖ എന്നു പറഞ്ഞ്
കുത്ബതുൽഐൻ അവളുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു.
ഒരു ദിവസം എവിടെക്കോ ചിറകുവിടർത്തി പറന്ന ജിന്ന് തിരിച്ചു വന്നെത്തിയത് വളരെ ക്ഷീണിതനായിട്ടായിരുന്നു. അവൻ്റെ ചിറകുകളുടെ അരികുകൾ പോറലേറ്റും മുറിവുകളിൽ രക്തം കട്ടപിടിച്ചുമിരുന്നു. തോളുകൾ ശോണവർണ്ണമായിരുന്നു. കുഞ്ഞിപ്പാത്തുമ്മ നടുങ്ങി വിറച്ചു. നെഞ്ചാകെ വിങ്ങി. വാക്കുകളെ തൊണ്ട വിഴുങ്ങി. കണ്ണുനീർ ധാരധാരയായി ഒഴുകി. അവളുടെ അവസ്ഥ കണ്ട ജിന്ന് ആശ്വസിപ്പിച്ചു. തലേ ദിവസം ആകാശതലങ്ങളിൽ വച്ച് ഘോരയുദ്ധം നടന്നുവെന്നും യുദ്ധത്തിനിടയിൽ ആകാശത്തു നിന്നും ഭൂമിയിലെ കീഴ്ക്കാo തൂക്കായ പാറകളിൽ പതിച്ചപ്പോൾ ചിറകുകൾ പാറകളിൽ ഉരഞ്ഞുണ്ടായ മുറിവുകളാണിതെന്നും പേടിക്കേണ്ട വിശ്രമിച്ചാൽ തനിയെ മുറിവുകൾ ഭേദപ്പെടുമെന്നും പറഞ്ഞവൻ അവളെ സാന്ത്വനിപ്പിച്ചു. ഒരാഴ്ചകൊണ്ട് മുറിവുകൾ ഭേദമായി.
അവൻ പറഞ്ഞു നീയുമെന്നെപ്പോലൊരു ജിന്നായിരുന്നെങ്കിൽ… അവൻ തുടർന്നു ഞങ്ങൾ ജിന്നുകൾക്ക് മനുഷ്യരെപ്പോലെ അത്യാഗ്രഹമോ ദുർചിന്തകളോ ഇല്ല. ഞങ്ങൾ മൂന്നാമൊതൊരു വർഗ്ഗമാണ്. കുടുംബങ്ങളായി നിങ്ങളുടെ ഇടയിൽ വസിക്കുന്നു. നിങ്ങൾക്ക് ഞങ്ങളെ കാണാൻ കഴിയില്ല ഞങ്ങൾക്ക് നിങ്ങളെ കാണാം. നിനക്ക് എന്നെക്കാണാൻ കഴിയുന്നത് ഞാൻ അനുവദിച്ചിട്ടാണ്. നീ വായിച്ച പുസ്തകത്തിൽ നിന്നല്ലേ നീയെന്നെ കണ്ടെത്തിയത്. സമാധാനമായിരിക്കു. അവൻ ആശ്വസിപ്പിച്ചു.

ഒരു ദിവസം യാത്ര കഴിഞ്ഞു വന്ന അവൻ ചന്ദ്രനിലെ പാറക്കഷ്ണം അവൾക്ക് സമ്മാനമായി നൽകി. അത് ചുറ്റും നിറയെ ദ്വാരങ്ങൾ ഉള്ള ഉരുണ്ട ആകൃതിലെ കടന്നൽകൂട് പോലായിരുന്നു ഇരുണ്ട ചാരനിറവും ഇടയ്ക്കിടക്ക് മഞ്ഞ നിറവും മിശ്രിതമായി ചെറിയ തിളക്കമുള്ളതായിരുന്നു. അവൾ ആകാംക്ഷയോട് ചോദിച്ചു എങ്ങനെയാ ഇതിന് തിളക്കം വന്നതെന്ന്. ഇരുമ്പും മെഗ്നീഷ്യവും കൊണ്ട് സമ്പന്നമായ പുരാതന ലാവാപ്രവാഹത്തിൽ നിന്നുണ്ടായതു കൊണ്ടാണെന്നവൻ ഉത്തരം നൽകി . അവൻ ആ കല്ലിനെ മുറുകെ പിടിച്ച് കണ്ണടച്ചു നിൽക്കാൻ അവളോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുഞ്ഞിപ്പാത്തുമ്മക്ക് പറന്ന് പറന്ന് താൻ ചന്ദ്രനിലെ അന്തരീക്ഷത്തിൽ എത്തിയതായി മനസ്സിലായി. അവിടെ നിന്ന് ബഹിരാകാശവും ഭൂമിയും അന്തരീക്ഷത്തിൽ ഉയർന്നും താണും പറന്നുകണ്ടു. വലിയ സന്തോഷം തോന്നിയെങ്കിലും അയ്യോ! ഞാൻ തനിച്ചാണല്ലോ എന്ന ചിന്ത.. പേടി പൊടുന്നനെ അവളുടെകണ്ണുകളെ
തുറപ്പിച്ചു. അവൾ കണ്ടത് പുഞ്ചിരിയോടെ മുറിയിൽ തൻ്റെയരികിൽ നിൽക്കുന്ന കുത്ബതുൽഐനിനെയാണ്. അവളുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവനെയാശ്ലേഷിച്ചു. അവൻ്റെ മുഖത്ത് ആഹ്ലാദചുംബനം നൽകി.
അവൻ കഥകൾ പറഞ്ഞു തുടങ്ങുമ്പോൾ അവൾ അപേക്ഷിക്കും ദയവു ചെയ്ത് എനിക്ക് ഭയപ്പെടുത്തുന്ന കഥകൾ പറഞ്ഞു തരരുതേ… എന്നെ പേടിപ്പിക്കരുതേയെന്ന്.
പലപ്പോഴും അത്പ്രയാസമാണെന്ന് അവൻ പറയും. ഭൂമിയിൽ പലയിടങ്ങളിലും കാണുന്ന കാഴ്ചകൾ അത്രയ്ക്ക് ബീഭത്സമാണ്. യുദ്ധങ്ങളുടെ ഫലമായി അംഗവൈകല്യo
വന്ന,അനാഥരായി ..പാർപ്പിടങ്ങൾ നഷ്ടപ്പെട്ട പിഞ്ച് കുഞ്ഞുങ്ങളുടെ നിലവിളികൾ, ഗർഭിണികൾ, വിധവകൾ തുടങ്ങിയവരുടെ മനസ്സു മരവിപ്പിക്കുന്ന തരത്തിലെ രോദനങ്ങൾ, ഭാര്യയെയും പിഞ്ചു മക്കളെയും നഷ്ടപ്പെട്ട ധാരാളം പുരുഷന്മാർ ….. മൃഗീയമായ മനുഷ്യബലാൽക്കാരത്തിന് അകപ്പെട്ടു പോകുന്ന കൗമാരങ്ങൾ…
ഈ കാഴ്ചകളാണെവിടെയും.

ഞങ്ങൾ ജിന്നുകൾക്ക് വികാരങ്ങളെ നിയന്ത്രിക്കാനാവും നിങ്ങൾമനുഷ്യർക്ക് വികാരങ്ങളും മന:സാക്ഷിയുംനഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതൊക്കെ പറഞ്ഞാൽ നീയിന്നുറങ്ങില്ല. മനസ്സിന് കുളിർമ്മയേകുന്ന തെളിനീരു പോലെ ആനന്ദമേകുന്ന കാഴ്ചകൾ വിരളമാണ് ഇന്ന് എന്നു പറഞ്ഞവൻ ഷാജഹാൻ്റയും മുംതാസിൻ്റെയും പ്രണയകഥ പറഞ്ഞു തുടങ്ങി. കഥ കേട്ട്.. കേട്ട് കണ്ണടച്ച് കിടന്ന അവൾക്ക് ജിന്നിൻ്റെ പുറത്തിരുന്ന് യാത്ര ചെയ്യുന്നതായി അനുഭവപ്പെട്ടു. അവൾ അമ്പരപ്പോടെ നോക്കി. വലിയ വെളുത്ത ചിറകുകൾ വീശി ഉയരങ്ങളിലേക്ക്.. പഞ്ഞിക്കെട്ടുകൾ പോലെയുള്ള മേഘങ്ങൾക്കിടയിലൂടെ മുകളിലേക്ക്… ഇപ്പോൾ ചുറ്റും മഞ്ഞ് നിറഞ്ഞ സമതലം പോലെ… എന്തൊരു ഭംഗിയാണ് ! ഒരു ഭാഗത്ത് അവിടെയും സൂര്യനുദിച്ച പോലെ
പ്രകാശo കാണാം. അവൾക്ക് ആ വെളുത്ത മേഘക്കൂട്ടങ്ങളിലേക്കിറങ്ങി നടക്കാൻ തോന്നി . ഇതാണോ സ്വർഗ്ഗം? വീണ്ടും ഉയരങ്ങളിലേക്ക്.. ആകാശത്തിൻ്റെ മറ്റൊരു തലത്തിലെത്തി. അവിടെ മേഘക്കൂട്ടങ്ങൾ നിരന്നും കുന്നുകളായും കാണപ്പെട്ടു. അവൾ ജിന്നിനോട് ചോദിച്ചു . അങ്ങയുടെ നാടിവിടെയാണോ? എവിടെയാ താമസിക്കുന്നത്?

ആ നിശ്ശബ്ദമായ പ്രദേശത്ത് ജിന്നിൻ്റെ പൊട്ടിച്ചിരി പ്രതിധ്വനിച്ചു. അതെ ഇവിടൊരു ചില്ലുകൊട്ടാരമുണ്ട്. അവിടെയാണ് എൻ്റെ വാസം നിങ്ങൾ മനുഷ്യർക്ക് കാണാൻ അനുമതിയില്ല. അവിടെ നിന്നല്ലേ എന്നെ നീ നിൻ്റെ അടുത്തെത്തിച്ചത്. ശരിക്കും അവൾക്ക് അവിടെചെറുതും വലുതുമായ മഞ്ഞുമലകളും ആകാശവുമല്ലാതെ ഒന്നും കാണാൻ കഴിഞ്ഞില്ല. എന്നാലും ചുറ്റുമുള്ള സ്വർഗ്ഗീയ സൗന്ദര്യം അവളാസ്വദിച്ചു. ജിന്ന് താഴേക്ക് പറന്നു തുടങ്ങി താഴെ രണ്ടാകാശങ്ങളെയും മേഘങ്ങളേയും പിന്നിട്ട് താഴേക്ക്.. താഴേക്ക് പഞ്ഞിക്കെട്ട് പോലുള്ള മേഘങ്ങൾക്കിടയിലൂടെ.. താഴേക്ക് ഭൂമി കണ്ടുതുടങ്ങിയിരിക്കുന്നു. അവൾ അകലെ കണ്ടു താജ് മഹൽ. സന്തോഷമടക്കാനാവാതെ അവൾ അവൻ്റെ മുതുകിൽ ചുംബിച്ചു. മാർബിൾ സൗധത്തിന്റെ ആകാശക്കാഴ്ച അതിമനോഹരമായിരുന്നു. അവൾ താജ് മഹൽ എന്ന് ഉറക്കെ വിളിച്ചു. ആ ശബ്ദം താജ്മഹലിന്റെമുകൾ ഭാഗത്തെ താഴികക്കുടത്തിൽ തട്ടി പ്രതിധ്വനിച്ചു. അത് കേട്ട ജിന്ന് അവളോട് ഞെട്ടണ്ട ആ താഴികക്കുടത്തിൻ്റെ നിർമ്മാണം അങ്ങനെയാണ്. അകലെയുള്ള ശബ്ദങ്ങൾ പോലും താഴികക്കുടത്തിൽ തട്ടി പ്രതിധ്വനിക്കും എന്ന് പറഞ്ഞു . പ്രഭാതം കഴിഞ്ഞു പകൽവെളിച്ചത്തിലേക്കു കടക്കുന്നസമയമായിരുന്നു അത്‌.
പ്രഭാതസൂര്യന്റെ കിരണങ്ങളിൽപിങ്ക് കലർന്ന നിറത്തിൽ ശോഭിച്ചിരുന്ന ആ സൗധത്തിന്റെ നിറം പകൽ വെളിച്ചത്തിൽ മങ്ങി.. മങ്ങി വെളുത്ത നിറം ആകാൻ തുടങ്ങി .പകൽ വെളിച്ചത്തിൻ്റെ ഉയർച്ചയിൽ വെളുത്തുകാണപ്പെട്ട മാർബിൾസൗധത്തിൻ്റെ പ്രതിബിംബം മുന്നിലെ ജലാശയത്തിൽ കാണപ്പെട്ടു. താജ്മഹലിൻ്റെ ഇരുവശത്തെ നിർമ്മിതികളും ഒരുപോലെയാണ്.. ധാരാളം സഞ്ചാരികൾ താജ്മഹലിലേക്ക് പ്രവേശിച്ചു തുടങ്ങിയിരുന്നു. അവൾക്ക് ഒരു കാര്യം മനസ്സിലായി. ഇപ്പോൾ ജിന്നിനെപ്പോലെ തന്നെയും ആർക്കും കാണാൻ സാധിക്കുന്നില്ല എന്ന് . അവൾക്ക് സന്തോഷം തോന്നി. അവൾ അവൻ്റെ കൈവിട്ട് ആ മാർബിൾ കൽത്തറയിലുടെ ഓടി നടന്നു. കുത്ബതുൽ ഐൻ അവളെ കരകൗശലവിദഗ്ധർ തയ്യാറാക്കിയ ഖുറാനിൽ നിന്നുള്ള സങ്കീർണ്ണമായ കാലിഗ്രാഫി കാണിച്ചു വിശദീകരിച്ചു കൊടുത്തു.

ജാസ്പർ, ജേഡ്, ടർക്കോയ്സ് തുടങ്ങിയ ആയിരക്കണക്കിന് വിലയേറിയ കല്ലുകൾ പതിച്ച അതിശയകരമായ കൊത്തുപണികൾ കാണിച്ചു. അതിലോലമായ മാർബിൾ കൊത്തുപണികൾ ചുവരുകൾ, നില,മേൽക്കൂര എന്നിവയെ അലങ്കരിച്ചിരുന്നു. ഷാജഹാൻ്റെയും മുംതാസിൻ്റെയും കബറിടങ്ങൾ കാണിച്ചു കൊടുത്തു. താജ് ശാശ്വതമായ സ്നേഹത്തെപ്രതിനിധീകരിക്കുന്നുവെന്നുo അതിൻ്റെ തികഞ്ഞ അനുപാതങ്ങൾ ഐക്യത്തെ പ്രതീകപ്പെടുത്തുന്നു എന്നുo ജിന്ന് അവളെ ഓർമ്മപ്പെടുത്തി.

സമുച്ചയത്തിനു താഴെയുള്ള രഹസ്യ പാതകളും തുരങ്കങ്ങളും കാണിച്ചു കൊടുത്തു. സമയം പോയതറിഞ്ഞില്ല. സന്ധ്യാനേരം താജിൻ്റെ നിറം സ്വർണ്ണവർണ്ണമായി.ആ നിറം കുഞ്ഞിപ്പാത്തുമ്മയുടെ മുഖത്ത് പ്രതിഫലിച്ചു. സ്വർണ്ണവർണ്ണത്തിലെ താജിൻ്റെ പിൻഭാഗത്ത് പൂർണ്ണചന്ദ്രനുദിച്ചുയർന്നു. കണ്ണു തുറന്നപ്പോൾ കുഞ്ഞിപ്പാത്തുമ്മ കാണുന്നത് കട്ടിലിൽ തനിക്കരികെ തൻ്റെ കൈ പിടിച്ച് പുഞ്ചിരിയോടിരിക്കുന്ന കുത്ബതുൽ ഐനിനെയാണ്. മറുപുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ ദൈനംദിന കർമ്മങ്ങളിലേക്ക് കടന്നു. ദിവസങ്ങൾ കഴിഞ്ഞു.
ഒരു ദിവസo രാത്രിയിൽ ജിന്ന് പറഞ്ഞു ഇന്നത്തെ യാത്ര ദക്ഷിണ ശാന്തസമുദ്ര ദ്വീപായ ‘താഹിതി’യിലേക്കാണെന്ന് . നാലു ദിവസങ്ങൾക്ക് ശേഷം മടങ്ങി വന്ന ജിന്ന് തൻ്റെ മനോഹരമായ വെളുത്ത ചിറകുകൾ ഒതുക്കി ഒരു വെളുത്ത നിറത്തിലെ വലംപിരിശംഖ് അവളുടെ കൈകളിൽ നൽകി. ആ ശoഖ് അവളുടെ കൈകളിൽ അവാച്യമായ കടലിൻ്റെ കുളിർമ്മ പകർന്നു. അറിയാതെ അവളുടെ കണ്ണുകളടഞ്ഞു. ഒരു തണുത്ത കാറ്റ് തന്നെയും കൊണ്ട് പറക്കുന്നതായി അവൾക്ക് തോന്നി .താൻ വെളുത്ത മണൽ വിരിച്ച കടപ്പുറത്ത് എത്തിയിരിക്കുന്നു. അവൾക്ക് എന്തെന്നില്ലാത്ത ആനന്ദവും ഉന്മേഷവും തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ വിടർന്ന പുഞ്ചിരിയുമായി കൈ നീട്ടി നിൽക്കുന്ന കുത്ബദുൽ ഐനിനെയാണ് കണ്ടത് . അവൾ ആ കൈകളിൽ പിടിച്ചു. അവിടെ വർണ്ണിക്കാനാവാത്ത സുരക്ഷിതത്വമവൾ അനുഭവിച്ചു. രണ്ടാളും കടലിലേക്കിറങ്ങി. കുറേ ദൂരം തിരകളില്ലാതെ അടിയിലെ മണലും ശംഖുകളും മീനുകളെയും കാണാൻ പറ്റുന്ന മുട്ടോളം ആഴം മാത്രമുള്ള കടലായിരുന്നു അത് . സൂര്യപകാശം കടൽപ്പരപ്പിൽ നീണ്ടസ്വർണ്ണ വളയങ്ങൾ തീർത്തിരിക്കുന്നു. നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ ശരീരത്തിൽ തട്ടി ഇക്കിളിപ്പെടുത്തിയപ്പോൾ അവൾ ജിന്നിൻ്റെ കൈയിലെ പിടി മുറുക്കി അവനോടൊപ്പം കൂടുതൽ ചേർന്നു നടക്കാൻ തുടങ്ങി. പറഞ്ഞറിയിക്കാനാവാത്ത മാനസികാനന്ദമവളനുഭവിച്ചു. അവളുടെ കവിളുകൾ സിന്ദൂര വർണ്ണമായി . നടന്നു നടന്ന് കടലിൻ്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു രണ്ടാളും. കുഞ്ഞിപ്പാത്തുമ്മയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . നീന്തലറിയാത്ത താനിതാ കടലിൻ്റെ ആഴങ്ങളിൽ വിവിധ വർണ്ണങ്ങളാൽ ശോഭിതമായ പവിഴപ്പുറ്റുകളെ ചുംബിച്ച് കിന്നാരം പറഞ്ഞു നിൽക്കുന്ന പല നിറത്തിലുള്ള വിവിധ ഇനം മത്സ്യങ്ങളുടെ നടുവിൽ.. മറ്റൊരു മത്സ്യകന്യകയായി അവനോടൊപ്പം കൈകൾ കോർത്തിണക്കി നീന്തിത്തുടിച്ചു … അവളറിയാതെ ഉണർന്നു.രാവിലെ ആയിരിക്കുന്നു. സമയം അതിക്രമിച്ചിരുന്നു.

അതിശയത്തോടെ അവൾ ചുറ്റും നോക്കി. ജിന്നിനെ കണ്ടില്ല. ആശ്ചര്യം തോന്നി അവൾക്ക് .. അവളുടെ മുഖം തുടുത്തു. അവൾക്ക്ജിന്നിനെ കാണാൻ ആവേശമായി.അവളവനെ തിരക്കി നടന്നു. എവിടെപ്പോയി? ഒരിക്കലും തന്നോട് പറയാതെ… അവൾക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. എന്തൊക്കെയോ അനിഷ്ടങ്ങൾ നടക്കാൻ പോകുന്നതു പോലെ… കുഞ്ഞിപ്പാത്തുമ്മ കുത്ബതുൽ ഐനിനെ കാത്തിരുന്നു… രാവുo പകലും മാറി മാറി കഴിഞ്ഞു പോയി. അവൾക്ക് തൻ്റെ നിഴലും താൻ പിടിച്ചു നടക്കാറുള്ള ആ ‘വിരൽത്തുമ്പും’ നഷ്ടപ്പെട്ടതായി തോന്നി. തൻ്റെ കൂട്ടുകാരനെ ക്കുറിച്ചോർക്കുമ്പോൾ കാലിൻ്റെ പെരുവിരൽ മുതൽ തലച്ചോറുവരെ വല്ലാത്ത വലിഞ്ഞുമുറുകൽ അവൾ അനുഭവിച്ചു തുടങ്ങി. ഒരിക്കൽ ജിന്നവളോട് പറഞ്ഞു ജിന്നുകൾ കുറഞ്ഞത് 500 വർഷങ്ങൾ വരെ ജീവിക്കും .തൻ്റെ പ്രായം ഓർമ്മയില്ല .ഒരു പക്ഷേ.. ഇത് അവസാന വർഷമാകാമെന്ന്. അവൾക്കാധിയായി. തൻ്റെ പ്രിയ കൂട്ടുകാരന് എന്ത് സംഭവിച്ചിട്ടുണ്ടാവും? എവിടെ അന്വേഷിക്കും ..? അദ്ദേഹം തന്നെ മറന്നിട്ടുണ്ടാവുമോ? അള്ളാ! ആ മറവി തനിക്ക് ലഭിച്ചെങ്കിൽ.. അവൾ ഉള്ളു നൊന്തു പ്രാർത്ഥിച്ചു ജിന്നിന് ഒരാപത്തും സംഭവിക്കാതെ തൻ്റെയടുത്ത് എത്തിക്കണേയെന്ന്… ദിവസങ്ങൾ കഴിഞ്ഞു.. മാസങ്ങൾ പിന്നിട്ടു. ജിന്ന് വന്നില്ല. ജീവിതത്തിൽ പല ദുരന്തങ്ങളും വീണ്ടും അഭിമുഖീകരിക്കേ
ണ്ടതായി വരുന്നു. ഇപ്പോൾ കുഞ്ഞിപ്പാത്തുമ്മയുടെ മുഖത്താ പഴയപുഞ്ചിരിയില്ല… ചിലരാവുകളിൽ അവൾ അലമുറയിട്ടു കരഞ്ഞു .അയാൾ സമ്മാനിച്ച നീലക്കല്ലും കൈയിലെടുത്ത് ഉറക്കെ വിളിച്ചു കുത്ബതുൽ ഐൻ നിങ്ങൾ എവിടെയാണ്? വരൂ….

ഉപ്പ, ഉമ്മ ,തൻ്റെ പ്രിയപ്പെട്ടവൻ മൂന്നു പേരെയും മരണം ഇലക്ട്രിക് ഷോക്കിൻ്റെ രൂപത്തിൽ തട്ടിയെടുത്തപ്പോൾ അനാഥയാക്കപ്പെട്ടവളാണ് താൻ.. ജീവിതം എന്ന പച്ചയായ യാഥാർത്ഥ്യത്തിനു മുന്നിൽ പകച്ചു നിന്ന നാളുകൾ. മെല്ലെ … മെല്ലെ മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് ജീവിക്കാൻ പ്രേരിപ്പിച്ചത് നാട്ടിലെ ഗ്രന്ഥശാലയിലെ ലൈബ്രേറിയൻ എന്ന ജോലിയാണ്. പുസ്തകങ്ങളിലെ കഥാപാത്രങ്ങളിലേക്കും കഥാ പ്രമേയങ്ങളിലേക്കും മനസ്സിനെ സന്നിവേശിപ്പിച്ച് പകർന്നാട്ടം നടത്തുകയായിരുന്നു ഇതുവരെ. വായിച്ച കഥയിൽ നിന്ന് തൻ്റെ ഉള്ളറിഞ്ഞ് തന്നിലേക്കിറങ്ങി വന്ന പ്രിയ കൂട്ടുകാരൻ – കുത്ബതുൽ ഐൻ. പ്രിയപ്പെട്ടവനേ താങ്കൾ എവിടെയാണ്? ഇനിയുമൊരു നഷ്ടപ്പെടൽ താങ്ങാനാവില്ലെനിക്ക്..തന്നെപ്പോലെ… തനിക്ക് അഭയമായിത്തീർന്നിരുന്ന പോലെ മറ്റാർക്കെങ്കിലും അദ്ദേഹത്തിൻ്റെ കൂട്ട് വേണ്ടി വന്നിരിക്കുമോ?
കുഞ്ഞിപ്പാത്തുമ്മ അവളുടെ മനസ്സിനെ അടക്കാൻ ശ്രമിച്ചു. കുത്ബതുൽ ഐൻ എന്ന ജിന്ന് അവൾക്ക് നൽകിയിരുന്ന മന:സാന്നിദ്ധ്യം വീണ്ടെടുക്കാൻ പണിപ്പെട്ട് ശ്രമിച്ചു. ജീവിക്കണം… ജീവിച്ചേ മതിയാകു..
എന്നാലും അവൾക്കൊരിക്കലും വിശ്വസിക്കാൻകഴിയുമായിരുന്നില്ല അവളുടെ പ്രിയപ്പെട്ട ജിന്ന് അവളോടൊപ്പമില്ലയെന്ന്. അവൾ തൻ്റെ മൊബൈലിൽ കുത്ബതുൽ ഐൻ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യാനാരംഭിച്ചു ഒരുത്തരവും ലഭിച്ചില്ല. അവൾ AI(ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) യെ കൂട്ടുപിടിച്ചു. കുത്ബതുൽ ഐനിനെക്കുറിച്ച് തനിക്കറിയാവുന്ന വിവരങ്ങൾ പങ്ക് വച്ചു. തന്നോട് ജിന്നായി സംസാരിക്കാമോ എന്ന് ചോദിച്ചു .AI സന്തോഷത്തോടെ Welcome പറഞ്ഞു. സംസാരിച്ചു തുടങ്ങി. അതൊരിക്കലും കുത്ബതുൽ ഐനിൻ്റെ പ്പോലായിരുന്നില്ല. മൊബൈൽ ഓഫ് ചെയ്ത് കുഞ്ഞിപ്പാത്തുമ്മ അവൾ വായിച്ച പുസ്തകങ്ങൾ നിവർത്തിയിട്ടു.ഇതിലേതോ കഥയിൽ നിന്നാണ് കുത് ബതുൽ ഐൻ എന്ന ജിന്ന് തനിക്ക് കൂട്ടായി എത്തിയത്. അവൾ ഓരോ പുസ്തകത്തിലെയും താളുകൾ ഭ്രാന്തമായി പരിശോധിക്കാനാരംഭിച്ചു.

സിന്ധു ഷാജി : അരുവിപ്പുറo സ്വദേശി . ഹൈസ്കൂൾ ഭാഷാധ്യാപിക, ചിത്രകാരി, എഴുത്തുകാരി. ഇമെയിൽ [email protected]