കേരള കോൺഗ്രസ് (ബി) ചെയർമാനും മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ ബാലകൃഷ്‌ണ പിളള (86) അന്തരിച്ചു.കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.കേരള കോൺഗ്രസ് (ബി) സ്ഥാപക നേതാവാണ്. മന്ത്രി, എം പി, എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
കീഴൂട്ട് രാമൻ പിളളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി കൊട്ടാരക്കരയിൽ 1935ലായിരുന്നു ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ എത്തിയ ബാലകൃഷ്‌ണ പിളള കെ പി സി സി നിർവ്വാഹക സമിതിയിലും എ ഐ സി സിയിലും അംഗമായിരുന്നു. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വ്യക്തി എന്ന അപൂർവ്വതയും പിളളയുടെ പേരിലാണ്.
1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളയ്‌ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം 11 വർഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. സി അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത, എക്സൈസ്, ജയിൽ വകുപ്പ് മന്ത്രിയായി ആദ്യമായി മന്ത്രിസ്ഥാനത്തെത്തിയ ബാലകൃഷ്‌ണ പിളള 1980-82, 82-85, 86-87 കാലഘട്ടങ്ങളിൽ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്. 1991-95, 2001-2004 കാലഘട്ടത്തിൽ ഗതാഗതവകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.
1971ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാലകൃഷ്‌ണ പിളള 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ 85-ല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും, അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.
പരേതയായ ആർ വത്സലയാണ് ഭാര്യ. മുൻ മന്ത്രിയും ചലച്ചിത്ര താരവുമായി ഗണേഷ് കുമാർ മകനാണ്. ഉഷാ മോഹൻ ദാസ്, ബിന്ദു ബാലകൃഷ്‌ണൻ എന്നിവർ മക്കളാണ്. കെ മോഹൻദാസ്, ടി ബാലകൃഷ്‌ണൻ, ബിന്ദു മേനോൻ എന്നിവർ മരുമക്കളാണ്. വാളകത്തെ തറവാട്ട് വീട്ടിൽ ഉച്ചയ്ക്ക് ശേഷം സംസ്‌കാരം നടക്കും.
Leave a Reply