ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്തവർഷം ദേശീയ മിനിമം വേതനം 6 ശതമാനം വരെ വർധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഒരു ദശലക്ഷത്തിലധികം കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് മിനിമം വേതനത്തിലെ വർദ്ധനവ് പ്രയോജനപ്രദമാകുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ മിനിമം വേതനത്തിന്റെ വർദ്ധനവ് വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തി പഠനത്തോടൊപ്പം ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പ്രയോജനപ്രദമാകും.


ചാൻസിലർ റേച്ചൽ റീവ്സ് പണപ്പെരുപ്പ നിരക്കിന് മുകളിലുള്ള വർദ്ധനവ് പ്രഖ്യാപിക്കുമെന്ന സൂചനകളാണ് പുറത്തുവന്നത്. 18നും 20 നും ഇടയിൽ പ്രായമായ തൊഴിലാളികളുടെ അടിസ്ഥാന വേതനം മുതിർന്നവരുടെ ഒപ്പം നൽകുന്നത് അധ്വാനിക്കുന്ന ജനവിഭാഗത്തിന് ശുഭ വാർത്തയാണെന്ന പ്രതികരണം മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഏകദേശം 1.6 ദശലക്ഷം 18നും 20 നും ഇടയിൽ പ്രായമുള്ളവരുടെ അടിസ്ഥാന വേതനം നിലവിൽ 11.44 പൗണ്ട് ആണ്.


ദേശീയ മിനിമം വേതനത്തിൽ 5.8 ശതമാനം വർദ്ധനവ് ആണ് നേരത്തെ ശുപാർശ ചെയ്യപ്പെട്ടിരുന്നത്. എന്നാൽ അന്തിമമായ പ്രഖ്യാപനം ഉണ്ടാകുമ്പോൾ അത് 6% വരെയാകാമെന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബഡ്ജറ്റിൽ നികുതി വർദ്ധനവും സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ഇനങ്ങളിൽ ഉണ്ടാകുന്ന വർദ്ധനവുകളെ ഇത്തരം ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ തരണം ചെയ്യാനായിരിക്കും ചാൻസിലർ റേച്ചൽ റീവ്സ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മിനിമം വേതനത്തിൽ ഏറ്റവും പുതിയ വർധന ചാൻസിലർ പ്രഖ്യാപിക്കുമ്പോൾ, ദശലക്ഷക്കണക്കിന് കുറഞ്ഞ വരുമാനക്കാർ അത് ശുഭ വാർത്തയായിരിക്കുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ്റെ പ്രധാന സാമ്പത്തിക വിദഗ്ധനായ നെയ് കോമിനേറ്റി പറഞ്ഞു.