ന്യൂസ് ഡെസ്ക് മലയാളം യുകെ

ട്രാഫിക് നിയമങ്ങൾ ഏറ്റവും ശക്തമായി നടപ്പാക്കുന്ന രാജ്യമാണ് യുകെ. അതുകൊണ്ടുതന്നെ ഡ്രൈവർമാർ യുകെയിലെ റോഡ് നിയമങ്ങളെ കുറിച്ച് നല്ല അറിവ് ഉള്ളവരായിരിക്കണം. അപകടങ്ങൾ കഴിവതും ഒഴിവാക്കാൻ സങ്കീർണമായ ഒട്ടേറെ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. അധികം ആരും ശ്രദ്ധിക്കുകയും അറിയാതെയുമുള്ള പല നിയമങ്ങളുടെയും ലംഘനം കടുത്ത പിഴ ശിക്ഷ വിളിച്ചുവരുത്തും.


പലപ്പോഴും യുകെയിലെ ശൈത്യകാലത്തെ അതിജീവിക്കാൻ വിൻ്റർ ബൂട്ടുകൾ ധരിക്കുന്നത് സാധാരണമാണ് .എന്നാൽ വിൻന്റർ ബൂട്ടുകൾ ധരിച്ച് വാഹനം ഓടിച്ചാൽ 5000 പൗണ്ട് വരെ പിഴ ചുമത്തപ്പെടാമെന്നതിനെ കുറിച്ച് അധികം ആരും ബോധവാന്മാരായിരിക്കില്ല. വിന്റർ ബൂട്ട് ധരിച്ച് വണ്ടിയോടിക്കുന്നത് ശരിയായ രീതിയിൽ വാഹനത്തെ നിയന്ത്രിക്കുന്നതിൽ ഡ്രൈവർക്ക് ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ടെന്ന് ഹൈവേ കോഡിന്റെ നിയമം 97 നിർദേശിക്കുന്നു. വിന്റർ ബൂട്ട് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിഴ ശിക്ഷ കൂടാതെ ഡ്രൈവിംഗ് നിരോധനവും 9 പെനാൽറ്റി പോയിൻറ് നൽകുന്നതും ഉൾപ്പെടുന്നു.

പത്തു മില്ലിമീറ്ററിൽ കൂടുതൽ കട്ടിയുള്ള ഷൂസ് ധരിക്കുന്നത് ഒഴിവാക്കണമെന്നാണ് റോയൽ ഓട്ടോമാറ്റിക് ക്ലബ്ബ് ( ആർ എ സി ) നൽകിയിരിക്കുന്ന മാർഗനിർദേശം. വളരെ ഭാരമുള്ള ഷൂസുകൾ കണങ്കാലിൽ ചലനം പരിമിതപ്പെടുത്തുന്നതു മൂലം അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് ഇതിനുള്ള വിശദീകരണമായി നൽകപ്പെട്ടിരിക്കുന്നത്. ബൂട്ട് മാത്രമല്ല ശീതകാല കോട്ട് ധരിക്കുന്നവർക്കും 100 പൗണ്ട് വരെ പിഴ കിട്ടാനുള്ള സാധ്യതയുണ്ട്. കാറിലിരിക്കുമ്പോൾ കോട്ട് ധരിക്കുന്നത് നിയമ വിരുദ്ധമല്ലെങ്കിലും ഡ്രൈവ് ചെയ്യുമ്പോൾ അവ നീക്കം ചെയ്യുന്നത് ക്യാമറ കണ്ണുകളിൽ കിട്ടിയാൽ പോക്കറ്റ് കാലിയാകും