ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വൈകല്യ ആനുകൂല്യങ്ങളിൽ, പ്രത്യേകിച്ച് പേഴ്സണൽ ഇൻഡിപെൻഡൻസ് പെയ്മെന്റ്സ് (പിഐപി) ഗണ്യമായി വെട്ടികുറയ്ക്കാൻ ചാൻസലർ റേച്ചൽ റീവ്സ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഡോളറിനെതിരെ പൗണ്ടിൻ്റെ കുത്തനെ ഇടിവിന് പിന്നാലെ ഡൗണിംഗ് സ്ട്രീറ്റ് വെൽഫെയർ ബജറ്റ് കുറയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ മോർട്ട്ഗേജ് നിരക്കുകൾ വർധിപ്പിക്കുമെന്ന മുന്നറിയിപ്പുകൾ പുറത്തു വന്നതോടെ ചാൻസലർ റേച്ചൽ റീവ്സ് സമ്മർദ്ദത്തിലാണ്.
2029-ഓടെ പിന്തുണ പെയ്‌മെൻ്റുകളുടെ ചെലവ് 22 ബില്യൺ പൗണ്ടിൽ നിന്ന് 35 ബില്യൺ പൗണ്ടായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനാൽ നികുതി ഉയർത്തുന്നതിനുപകരം, വികലാംഗ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത മേഖലകളിലെ ചെലവ് കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മുൻ ട്രഷറി സെലക്ട് കമ്മിറ്റി ചെയർ ഹാരിയറ്റ് ബാൾഡ്‌വിൻ പോലെയുള്ള വിമർശകർ, ഈ നിർണായക സമയത്തും ചാൻസലർ ചൈന സന്ദർശിക്കുന്നതിന് വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി ചാൻസലർ റേച്ചൽ റീവ്‌സ് ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ചൈനയിലേക്ക് യാത്ര ചെയ്തതിനെ വിമർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിന് പിന്നാലെ പൗണ്ടിൻ്റെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കുള്ള ഇടിവിനൊപ്പം വായ്പയെടുക്കൽ ചെലവിലെ ഈ കുത്തനെയുള്ള വർദ്ധനവും നിക്ഷേപകരുടെ ആശങ്കകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
Leave a Reply