ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി നേഴ്സുമാർക്ക് നേരെ വംശീയ ആക്രമണം നടന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു . പത്തനംതിട്ട, കൊല്ലം സ്വദേശികളായ മൂന്ന് നേഴ്സുമാരാണ് ആക്രമണത്തിന് ഇരയായത്. പത്തനംതിട്ട മാടപ്പള്ളി സ്വദേശിനിയായ സോബിയും സഹപ്രവർത്തകരുമാണ് ആക്രമിക്കപ്പെട്ടത്. മറ്റ് രണ്ട് പേർ കൊല്ലം , പത്തനംതിട്ട സ്വദേശികളാണ് . യുകെ സമയം ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം.

ക്രോയിഡോണിലെ താമസ സ്ഥലത്തുനിന്ന് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ഇവർ കയറിയ ബസിൽ തദ്ദേശീയയായ ഒരു സ്ത്രീ കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ നേഴ്സുമാരിൽ ഒരാൾക്ക് വയറ്റിൽ ചവിട്ടേറ്റു. തുടർന്ന് കത്തിയുമായി മറ്റ് നേഴ്സുമാരെ അക്രമിക്കുന്നതിനായി സ്ത്രീ ശ്രമിച്ചതായാണ് അറിയാൻ സാധിച്ചത് . ബസിലുണ്ടായിരുന്ന തദ്ദേശീയ സഹയാത്രികർ സമയോചിതമായി ഇടപെട്ടതോടെയാണ് വലിയ ദുരന്തം ഒഴിവായത്.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൂവരെയും ആശുപത്രിയിലെത്തിച്ചു. ആക്രമണ സമയത്ത് സോബി നാട്ടിലുള്ള ഭർത്താവ് ജോൺ പോൾ മാത്യുവിനോടും മക്കളോടും വിഡിയോ കോൾ ചെയ്യുകയായിരുന്നുവെന്നും, ദൃശ്യങ്ങൾ കണ്ട കുടുംബാംഗങ്ങൾ പരിഭ്രാന്തരായതായും ബന്ധുക്കൾ പറഞ്ഞു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം മൂവരും താമസ സ്ഥലത്തേയ്ക്ക് മടങ്ങിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും, മൂന്ന് വർഷം മുൻപാണ് നേഴ്സുമാർ യുകെയിൽ ജോലിക്കെത്തിയതെന്നും അറിയിച്ചു.

കടുത്ത കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പ്രസ്താവനകളും ഉയരുന്ന വംശീയതയും യുകെയിലെ തൊഴിൽ അന്തരീക്ഷം മാറ്റുന്നതായുള്ള റിപ്പോർട്ടുകൾ മലയാളം യുകെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഈ കാരണത്താൽ വിദേശ ഡോക്ടർമാരും നേഴ്സുമാരും എൻഎച്ച്എസിൽ നിന്ന് മാറിനിൽക്കുകയാണെന്ന അഭിപ്രായം ശക്തമാണ് . സർക്കാർ സ്വീകരിക്കുന്ന കടുത്ത കുടിയേറ്റ നയങ്ങളും പൊതുചർച്ചകളിലെ വംശീയ പരാമർശങ്ങളും യുകെയെ പുറമെനിന്നുള്ളവർക്ക് സ്വാഗതം നൽകാത്ത വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യം സൃഷ്ടിക്കുന്നതായുള്ള പൊതു അഭിപ്രായം ശക്തമാണ്.











Leave a Reply