തിരുവനന്തപുരം കിളിമാനൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷ് കൊലപാതകകേസില്‍ അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍. നാല് പേരെ മൂന്നാറിന് സമീപത്തെ മാങ്കുളത്ത് നിന്നും ഒരാളെ കായംകുളത്ത് നിന്നുമാണ് പിടികൂടിയത്. രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘത്തെ ഇവര്‍ സഹായിച്ചതായി കണ്ടതോടെയാണ് കസ്റ്റഡിയിലെടുത്തത്. ആയുധങ്ങള്‍ ഒരുക്കി നല്‍കിയത് ഇവരാണെന്നും സംശയിക്കുന്നുണ്ട്. മാങ്കുളത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് നാല് പേരെ പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.

ക്വട്ടേഷന്‍ സംഘത്തിന് താമസസൗകര്യം ഒരുക്കിയ കൊല്ലം സ്വദേശി സനുവാണ് കഴിഞ്ഞദിവസം ആദ്യം അറസ്റ്റിലായത്. രാജേഷിനെ കൊല്ലാനുള്ള ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതും സനുവിന്റെ വീട്ടിലെന്നും പൊലീസ് പറഞ്ഞു.

രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘത്തിന് എല്ലാ സഹായവും നല്‍കി കൂടെ നിന്നയാളാണ് സനുവെന്നാണ് പൊലീസിന്റെ നിലപാട്. കൊല്ലം ശക്തികുളങ്ങര വള്ളിക്കീഴ് സ്വദേശിയാണ് സ്വകാര്യ ബസ് തൊഴിലാളിയായ സനു. രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളായ അലിഭായിയും അപ്പുണ്ണിയുമെല്ലാം കൊലയ്ക്ക് മുന്‍പ് താമസിച്ചത് സനുവിന്റെ കൊല്ലത്തെ വീട്ടിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപ്പെടുത്തിയ ശേഷം ആദ്യമെത്തിയതും ഈ വീട്ടിലേക്ക് തന്നെ. ഇവിടെ നിന്ന് രാജേഷിനെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വാളുകളും കണ്ടെടുത്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സനുവും ക്വട്ടേഷന്‍ സംഘത്തിലെ ചിലരുമെല്ലാം സാത്താന്‍ ചങ്ക്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഇതിന്റെ ഒത്തുചേരല്‍ എന്ന പേരിലാണ് കൊലയ്ക്ക് മുന്‍പ് ക്വട്ടേഷന്‍ സംഘം സനുവിന്റെ വീട്ടില്‍ താമസിച്ചത്. ഇതിന് ശേഷം മടവൂരിലെത്തി രാജേഷിന്റെ ദൈനംദിന കാര്യങ്ങള്‍ നിരീക്ഷിച്ച് കൊല്ലപ്പെടാനുള്ള അവസാനവട്ട പദ്ധതി തയാറാക്കിയെന്നും ഈ ഗൂഢാലോചനയില്‍ സനുവിനും പങ്കെന്നും പൊലീസ് പറയുന്നു.

27ന് പുലര്‍ച്ചെയാണ് രാജേഷിനെ വെട്ടിക്കൊന്നത്. പത്ത് ദിവസം പിന്നിടുമ്പോഴാണ് ആദ്യ അറസ്റ്റ്. എന്നാല്‍ കൊലയില്‍ നേരിട്ട് പങ്കെടുത്ത ക്വട്ടേഷന്‍ സംഘത്തിലെ ആരെയും ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെയും കിളിമാനൂര്‍ സി.ഐയുടെയും നേതൃത്വത്തിലാണ് അന്വേഷണം.