ന്യൂഡൽഹി ∙ മാസ്ക് ധരിക്കാത്തതു ചോദ്യം ചെയ്ത പൊലീസിനോടു തർക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദമ്പതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഡൽഹിയിൽ മാസ്ക് ധരിക്കാതെ കാറിൽ യാത്ര ചെയ്ത ദമ്പതികളാണ് പൊലീസിനോട് കയർത്തു സംസാരിച്ചത്. പങ്കജ് ദത്ത എന്ന യുവാവും ഭാര്യയും മാസ്ക് ധരിക്കാതെ കാറിൽ വരുമ്പോൾ പൊലീസ് പിടികൂടിയിരുന്നു.

എന്നാൽ സ്വകാര്യ വാഹനത്തിൽ മാസ്ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയർത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി മാസ്ക് ധരിക്കണമെന്ന കാര്യം പറയാൻ പൊലീസ് ശ്രമിച്ചു. ‘ഇത് ഞങ്ങളുടെ വാഹനമാണ്, നിങ്ങളെന്തു ചെയ്യുമെന്ന് കാണട്ടെ’ എന്ന് പറഞ്ഞ് പൊലീസുകാരോട് തട്ടിക്കയറുന്ന യുവാവിനെയും യുവതിയെയും വിഡിയോയിൽ കാണാം.

ഇതോടെ ഇരുവർക്കെതിരെയും പൊലീസ് കേസെടുത്തു. കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ‘അവൾ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ഞാൻ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവൾ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്ക് ധരിക്കാൻ അനുവദിക്കാറില്ല.’– യുവാവ് വ്യക്തമാക്കി.