പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് റേഡിയോതെറാപ്പി ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗികളായ ആയിരക്കണക്കിന് പുരുഷന്‍മാര്‍ക്ക് ആയുസ് നീട്ടി നല്‍കാന്‍ ഈ ചികിത്സ സഹായിക്കുമെന്ന് പുതിയ പരീക്ഷണത്തില്‍ വ്യക്തമായി. ഹോര്‍മോണ്‍ തെറാപ്പിക്കൊപ്പം റേഡിയോതെറാപ്പി കൂടി നല്‍കുന്നത് ഫലപ്രദമാണെന്ന് ലണ്ടനില്‍ നടത്തിയ ട്രയലില്‍ തെളിഞ്ഞെന്ന് ദി ലാന്‍സെറ്റ് മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലിംഫ് നോഡുകളിലേക്കും അസ്ഥികളിലേക്കും വ്യാപിച്ചു കഴിഞ്ഞാല്‍ പ്രധാന ട്യൂമറിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ചികിത്സ ഫലപ്രദമാകില്ലെന്നായിരുന്നു ഇതുവരെ ഡോക്ടര്‍മാര്‍ കരുതിയിരുന്നത്. എന്നാല്‍ പുതിയ ചികിത്സാരീതിക്ക് വിധേയരായ രോഗികള്‍ മൂന്നു വര്‍ഷത്തിനു ശേഷവും ജീവിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം ഹോര്‍മോണ്‍ തെറാപ്പി മാത്രം നല്‍കിയ 70 ശതമാനം പേര്‍ മൂന്നു വര്‍ഷം മാത്രമേ പരമാവധി ജീവിച്ചിരുന്നുള്ളു. പഠനത്തിന് വിധേയരായവരില്‍ ഹോര്‍മോണ്‍ തെറാപ്പിയും റേഡിയോതെറാപ്പിയും ഒരേ സമയം സ്വീകരിച്ചവരില്‍ 80 ശതമാനവും മൂന്നു വര്‍ഷത്തിനു മേല്‍ ജിവിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെയും റോയല്‍ മാഴ്‌സ്‌ഡെന്‍ ഹോസ്പിറ്റലിലെയും ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 2000 പേരിലായിരുന്നു ചികിത്സാ പരീക്ഷണം നടത്തിയത്. ഇത് വിജയമായതോടെ ഇംഗ്ലണ്ടില്‍ മാത്രം 3000 രോഗികള്‍ക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.
യുകെയിലെ പുരുഷന്‍മാരില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗമാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 47,000 പേരില്‍ ഈ രോഗം സ്ഥിരീകരിക്കപ്പെടുന്നുണ്ട്. ഇവരില്‍ 11,500 പേര്‍ ഇതു മൂലം മരണത്തിന് കീഴടങ്ങുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. ആഗോള തലത്തില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാവുന്ന കണ്ടുപിടിത്തമാണ് ഇതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റോയല്‍ മാഴ്‌സ്‌ഡെനിലെ ഡോ.ക്രിസ് പാര്‍ക്കര്‍ പറഞ്ഞു.
Leave a Reply