വിംബിൾഡണ്‍ ചരിത്രത്തിൽ വെള്ളിയാഴ്ച അപൂർവതകളുടെ ദിനം. കെവിൻ ആൻഡേഴ്സണ്-ജോണ്‍ ഇസ്നർ മത്സരം ദൈർഘ്യത്തിൽ റിക്കാർഡിട്ടതിനു പിന്നാലെ റാഫേൽ നദാൽ-നൊവാക് ജോക്കോവിച്ച് സെമി പോരാട്ടം ഇടയ്ക്കുവച്ചു നിർത്തി. മത്സരത്തിൽ 6-4, 3-6, 7-6 (11-9) എന്ന സ്കോറിന് ജോക്കോവിച്ച് മുന്നിട്ടുനിൽക്കവെ മത്സരം തത്കാലത്തേക്ക് അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പോരാട്ടത്തിന്റെ ബാക്കി ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് സെന്റർ കോർട്ടിട്ടിലെ പുൽമൈതാനത്ത് ആരംഭിക്കും. 2009ൽ വിംബിൾഡണ്‍ സെന്റർ കോർട്ടിനു മേൽക്കൂര നിർമിച്ചശേഷം, രാത്രി 11 മണി കഴിഞ്ഞ് കോർട്ടിൽ മത്സരം നടത്താൻ പാടില്ലെന്നു മെർട്ടൻ കൗണ്‍സിലുമായി ധാരണയായിരുന്നു. ഉച്ചയ്ക്ക് ഒന്നിനു തുടങ്ങിയ കെവിൻ ആൻഡേഴ്സണ്-ജോണ്‍ ഇസ്നർ മാരത്തണ്‍ പോരാട്ടം ആറര മണിക്കൂർ നീണ്ടതോടെ നദാൽ-ജോക്കോവിച്ച് പോരാട്ടം സെന്റർ കോർട്ടിൽ വൈകിയാണ് ആരംഭിക്കാൻ കഴിഞ്ഞത്. രണ്ടു മണിക്കൂറും 53 മിനിറ്റും പിന്നിട്ടിട്ടും ജോക്കോവിച്ച്-നദാൽ മത്സരത്തിൽ ഫലം കാണാൻ കഴിഞ്ഞില്ല. സമയം പതിനൊന്നിന് അടുക്കുകയും ചെയ്തു. ഇതോടെ മത്സരം തത്കാലത്തേക്ക് അവസാനിപ്പിക്കാൻ വിംബിൾഡണ്‍ അധികൃതർ തീരുമാനിക്കുകയായിരുന്നു. ജോക്കോവിച്ച്-നദാൽ പോരാട്ടത്തിനുശേഷം സെന്റർ കോർട്ടിൽ ആഞ്ചലിക് കെർബർ-സെറീന വില്ല്യംസ് വനിതാ സെമി ഫൈനൽ നടക്കും.
Leave a Reply