റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന് രാഷ്ട്രപതിയുടെ അനുമതി. വിലയുടെ വിശദാംശങ്ങള്‍ ഒഴിവാക്കിയ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വച്ചേക്കും. സൈന്യത്തിനായി അഞ്ചു വര്ഷത്തിനിടെ നടത്തിയ ഇടപാടുകള്‍ വിലയിരുത്തുന്ന റിപ്പോർട്ടാണ് സിഎജി സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് ഭാഗങ്ങളുള്ള വിശദമായ റിപ്പോര്ട്ടില് ആദ്യഭാഗത്താണ് റഫാലിനെക്കുറിച്ച് പരാമര്‍ശം. വിലയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയില്ല. എന്നാല്‍ സിഎജി റിപ്പോർട്ടിന്റെ വിശ്വാസ്യത കോൺഗ്രസ് ചോദ്യം ചെയ്തുകഴിഞ്ഞു. റഫാല്‍ വിഷയത്തില്‍ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും.
റഫാല്‍ കരാറിൽ അഴിമതിവിരുദ്ധ വ്യവസ്ഥയും അനധികൃത ഇടപെടൽ നടന്നാൽ പിഴ ഈടാക്കാനുള്ള അധികാരവും ഒഴിവാക്കിയെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇക്കാര്യങ്ങൾ സുപ്രീംകോടതിയെ അറിയിച്ചില്ല. ഇതനുസരിച്ചു റഫാൽ വിമാനക്കമ്പനി ഡാസോ ഏവിയേഷൻ, മിസൈൽ നിർമാതാവ് എംബിഡിഎ ഫ്രാൻസ് എന്നിവരിൽനിന്നു പിഴ ഈടാക്കാനുള്ള അധികാരം ഇല്ലാതായി. കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് സമാന്തരമായി ചർച്ചകൾ നടത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണു പുതിയ തെളിവുകൾ പുറത്തുവന്നത്.
സ്വയം രക്ഷിക്കാനും സര്‍ക്കാരിനെ രക്ഷിക്കാനുമുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുകയെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സൈന്യത്തിനായി സമീപകാലത്തു നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണു സിഎജി സമര്‍പ്പിച്ചതെന്നാണു സൂചന. ഇതില്‍ റഫാല്‍ ഇടപാട് പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. യുദ്ധവിമാനങ്ങളുടെ വിലവിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടോയെന്നു വ്യക്തമല്ല.
Leave a Reply