ദീപ  പ്രദീപ്  , ന്യൂസ് ഡെസ്ക്   മലയാളം യുകെ

യുദ്ധ തന്ത്രങ്ങളിൽ ആയുധബലമേകാൻ നിരവധി വിവാദങ്ങൾക്ക് ശേഷം റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ മണ്ണിൽ എത്തിയിരിക്കുന്നു. ഇന്ത്യയുടെ യുദ്ധതന്ത്രങ്ങൾക്ക് പുതിയ പ്രതിച്ഛായ നൽകി ആയുധ ശേഖരത്തിൽ വലിയൊരു സംഭാവനയായാണ് 36 യുദ്ധവിമാനങ്ങളിൽ 5 എണ്ണം ഇന്ത്യയിലെത്തിയത്.

2001ൽ ഫ്രഞ്ച്‌വ്യോമസേനയുടെ ഭാഗമായി മാറിയ റഫാൽ നിലവിൽ ഉപയോഗിക്കുന്നത് ഫ്രഞ്ച്‌വ്യോമ,നാവികസേനകൾ, ഈജിപ്ത് വായുസേന, ഖത്തർ വായുസേന എന്നിവരാണ്. 2018 ജൂലൈ വരെയുള്ള കണക്ക് അനുസരിച്ച്165 വിമാനങ്ങൾ ആണ് നിർമിക്കപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച ഫ്രഞ്ച്‌ തുറമുഖനഗരമായ ബാർഡോഗിലെ മെറിറ്റ്ന എയർബേഴ്‌സിൽ നിന്ന് പറന്നുയർന്ന വിമാനങ്ങൾ 7000കിലോമീറ്റർ താണ്ടിയാണ് ഇന്ത്യയിൽ എത്തിച്ചേർന്നത്.

ഏകദേശം 670 കോടിരൂപ വിലയുള്ള ഒരു വിമാനത്തിന്റെ നീളം 15.27 മീറ്റർ ആണ്. റഡാർ കണ്ണുകളെ പോലും കബളിപ്പിക്കാൻ കഴിയുന്നത്ര വേഗമുള്ള റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700കിലോമീറ്റർ പരിധിവരെ സഞ്ചരിക്കാൻ കഴിയുന്ന ഇവയ്ക്ക് 200 കിലോമീറ്റർ പരിധിയിലുള്ള ഏതൊരു ആക്രമണത്തെയും തിരിച്ചറിയാനും പ്രതിരോധിക്കുവാനുമുള്ള കഴിവുണ്ട്.

മൂന്ന് ഡ്രോപ് ടാങ്കറുകളുള്ള ത്രിതല ശേഷിയുള്ള യുദ്ധവിമാനങ്ങൾ ആണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെസ് എന്നിവയാണ് റഫാലിന്റെ ശേഷി. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ ശേഷിയുള്ളതുകൊണ്ടുതന്നെ 12 പൈലറ്റുമാരാണ് ഇത് പ്രവർത്തിപ്പിക്കാനായി പരിശീലനം നേടികഴിഞ്ഞിരിക്കുന്നത്.

അസ്ട്ര, സുദർശൻ ബോംബുകൾ, എ ഇ എസ് റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡോർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധങ്ങളോടെയാകും ഇന്ത്യൻ റഫാൽ പുറത്തിറങ്ങുക.


.
2012ൽ യു. പി.എ സർക്കാരിന്റെ കാലത്താണ് ഫ്രാൻസിൽ നിന്ന് 126 റഫാൽ വിമാനങ്ങൾ വാങ്ങുകയും അതിന്റെ സാങ്കേതികവിദ്യ ഇന്ത്യയിൽ എത്തിക്കാനും തീരുമാനം എടുത്തത്. എന്നാൽ,എ. കെ.ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്ന യു. പി.എ സർക്കാരിന്റെ കാലത്ത് ഈ ചർച്ച കരാറിലെത്തിയില്ല. 2015 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിൽ എത്തിയപ്പോൾ ഈ കരാർ വീണ്ടും ചർച്ചാവിഷയം ആവുകയും 2016 സെപ്റ്റംബറിൽ റഫാൽ യുദ്ധവിമാന കരാർ ഒപ്പു വെക്കുകയും ചെയ്തു. പുതിയ സർക്കാർ അധികാരമേറ്റപ്പോൾ കരാറിൽ ഉണ്ടാക്കിയ ഭേദഗതി അനുസരിച്ച് 126 വിമാനങ്ങളിൽ നിന്ന് 36 വിമാനങ്ങൾ ആക്കി കുറച്ചു. അതിൽ നിന്നുള്ള 5 യുദ്ധവിമാനങ്ങൾ ആണ് ഇപ്പോൾ ഇന്ത്യയിലെത്തിയിരിക്കുന്നത്. 2021 ഓടുകൂടി 36 വിമാനങ്ങളും ഇന്ത്യയിലെത്തിക്കാൻ ആണ് ഫ്രാൻസിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക തീരുമാനം.