ലണ്ടന്‍: സോഷ്യല്‍ ഹൗസിംഗ് സംരക്ഷണത്തിന് പദ്ധതിയാവിഷ്‌കരിച്ച് ലേബര്‍ പാര്‍ട്ടി. 2012ന് ശേഷം കുറഞ്ഞ വാടകയുള്ള ഒരു ലക്ഷത്തിലേറെ സോഷ്യല്‍ ഹോമുകളുടെ വാടക വര്‍ദ്ധിപ്പിച്ചതായുള്ള വിവരം പുറത്തു വന്ന സാഹചര്യത്തിലാണ് ഇത്. സോഷ്യല്‍ ഹോമുകളെ അഫോര്‍ഡബിള്‍ ഹോമുകളാക്കി മാറ്റിക്കൊണ്ട് 40 ശതമാനം വരെ വാടക വര്‍ദ്ധിപ്പിക്കാന്‍ ഹൗസിംഗ് അസോസിയേഷനുകളെയും ലോക്കല്‍ കൗണ്‍സിലുകളെയും നിര്‍ബന്ധിതരാക്കിയ കണ്‍സര്‍വേറ്റീവ്-ലിബറല്‍ ഡെമോക്രാറ്റ് സഖ്യസര്‍ക്കാരിന്റെ 2012ലെ നയം എടുത്തു കളയുമെന്ന് ലേബര്‍ പ്രഖ്യാപിച്ചു.

വരുന്നയാഴ്ചകളില്‍ പ്രഖ്യാപിക്കാനിരിക്കുന്ന സോഷ്യല്‍ ഹൗസിംഗ് റിപ്പോര്‍ട്ടില്‍ പുറത്തു വന്ന രണ്ടാമത്തെ പ്രഖ്യാപനമാണ് ഇത്. സോഷ്യല്‍ ഹോമുകളുടെ ഭാവി സംബന്ധിച്ചുള്ള വിലയിരുത്തലായിരിക്കും ഈ റിപ്പോര്‍ട്ട്. സഖ്യസര്‍ക്കാര്‍ അവതരിപ്പിച്ച നയമനുസരിച്ച് സോഷ്യല്‍ ഹോമുകള്‍ വലിയ തോതില്‍ ഇല്ലാതായിട്ടുണ്ട്. കൂടുതല്‍ ലാഭകരമായ അഫോര്‍ഡബിള്‍ ഹോമുകളാക്കി സോഷ്യല്‍ ഹോമുകളെ മാറ്റുന്നതിനായി ഈ നയം ഹൗസിംഗ് അസോസിയേഷനുകളെയും നിര്‍ബന്ധിതരാക്കുകയും അത് തെളിയിക്കുന്നതിനായി ഇവര്‍ സര്‍ക്കാര്‍ ധനസഹായം തേടുകയും ചെയ്തു.

വളരെ കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ലഭിക്കുമായിരുന്ന ഒരു സംവിധാനമാണ് ഇതിലൂടെ ഇല്ലാതായത്. ആറ് വര്‍ഷങ്ങള്‍ക്കിടെ 1,02,000 സോഷ്യല്‍ ഹോമുകള്‍ ഈ വിധത്തില്‍ ഇല്ലാതായി. മാര്‍ക്കറ്റ് മൂല്യത്തിന്റെ 40 ശതമാനമായിരുന്നു സോഷ്യല്‍ ഹോമുകളുടെ വാടകയെങ്കില്‍ അഫോര്‍ഡബിള്‍ ഹോമുകള്‍ക്ക് 80 ശതമാനം നല്‍കേണ്ടി വരും. സാധാരണ വരുമാനക്കാര്‍ക്ക് താമസ സൗകര്യം നിഷേധിക്കുന്ന നയമാണ് ഇതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ടില്‍ ശരാശരി സോഷ്യല്‍ ഹോമിന് 340 പൗണ്ട് വാടകയീടാക്കുമ്പോള്‍ അഫോര്‍ഡബിള്‍ ഹോമിന് 450 പൗണ്ട് വരെ വാടക നല്‍കേണ്ടതായി വരുന്നു.