മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍: ജോജി തോമസ്

ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറുമായിരുന്ന രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലേയ്ക്ക് വരാന്‍ സാധ്യതയേറെയെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള മേധാവി മാര്‍ക് കാര്‍ണിയുടെ കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ആ സ്ഥാനത്ത് എത്താന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് രഘുറാം രാജന്‍. ആറു പേരുകള്‍ ഉള്‍പ്പെടുന്ന സാധ്യതാ പട്ടിക തയ്യാറാക്കിയതില്‍ രഘുറാം രാജന്റെ പേരിനാണ് മുന്‍ഗണന. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ രഘുറാം രാജന്‍ ആര്‍ജിച്ച പരിചയവും കേന്ദ്രീകൃത ബാങ്കിങ്ങിലുള്ള അറിവും ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ എന്ന ലേബലുമെല്ലാം രഘുറാം രാജന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ മുതല്‍കൂട്ടാകും.

ബാങ്കുകളുടെ ബാങ്കായി അറിയപ്പെടുന്ന ബാങ്ക് ഓഫ്് ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ എത്തുകയാണെങ്കില്‍ അത് എല്ലാ ഇന്ത്യാക്കാര്‍ക്കും അഭിമാനകരമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നയങ്ങള്‍ ലോകമൊട്ടാകെ സാമ്പത്തിക സൂചികയില്‍ വളരെ നിര്‍ണായകമായ സ്വാധീനമാണ് ചെലുത്തുന്നത്. സാധാരണക്കാരന്റെ ജീവിത നിലവാരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എടുക്കുന്ന നിലപാടുകള്‍ക്കാവും. ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന ലണ്ടന്‍ നഗരത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ആസ്ഥാനം. 1694-ല്‍ സ്ഥാപിതമായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ മാതൃകയാക്കിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുള്‍പ്പെടെ ലോകത്തുള്ള മറ്റു സെന്‍ട്രല്‍ ബാങ്കുകളെല്ലാം സ്ഥാപിതമായതും പ്രവര്‍ത്തിക്കുന്നതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്രത്തില്‍ അധ്യാപകനായിരുന്ന രഘുറാം രാജനെ സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാനത്തിനായി പരിഗണിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ ഡയറക്ടറായിരുന്ന രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23-ാമത് ഗവര്‍ണറായി 2013ലാണ് സ്ഥാനമേറ്റത്. ലോകത്തെ പിടിച്ചുകുലുക്കിയ 2008-ലെ സാമ്പത്തിക പ്രതിസന്ധി വളരെ മുന്‍കൂട്ടി പ്രവചിച്ചത് രഘുറാം രാജന്റെ സാമ്പത്തിക രംഗത്തെ ദൂരക്കാഴ്ചയുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായ രഘുറാം രാജന് മോദി ഗവണ്‍മെന്റ് കാലാവധി നീട്ടി നല്‍കാതിരുന്നത് വിവാദമായിരുന്നു. മോദി ഗവണ്‍മെന്റിന്റെ പല സാമ്പത്തിക നയങ്ങളോടു പൊരുത്തപ്പെടാത്ത അദ്ദേഹം നോട്ടുനിരോധനത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു. എന്തായാലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്ത് രഘുറാം രാജന്‍ എത്തുകയാണെങ്കില്‍ നാളെകളില്‍ ലോകത്തിന്റെ സാമ്പത്തിക ഗതിവിഗതികളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ഒരു ഇന്ത്യന്‍ വംശജനാവും.