ലണ്ടന്‍: പലിശനിരക്കില്‍ 2 ശതമാനമോ അതിനു മുകളിലേക്കോ വര്‍ദ്ധന വരുത്തിയാല്‍ അത് ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് സൃഷ്ടിക്കുക വലിയ തിരിച്ചടിയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.മോര്‍ട്ട്‌ഗേജ് ബാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്നതാണ് ഇതിന് കാരണം. നിലവിലുള്ള 0.5 ശതമാനമെന്ന അടിസ്ഥാന നിരക്കില്‍ ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും തങ്ങളുടെ ലോണുകള്‍ കൈകാര്യം ചെയ്യാനാകുമെന്ന്‌ന ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ പോളിസി കമ്മിറ്റി പറയുന്നു. സാമ്പത്തികമാന്ദ്യത്തിനു മുമ്പ് അനുഭവപ്പെട്ട വിധത്തിലുള്ള ഒരു സാമ്പത്തികഞെരുക്കം അനുഭവപ്പെടുന്നുണ്ടെന്നും സമിതി വിലയിരുത്തുന്നു.

നവംബറിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കില്‍ 0.25 ശതമാനം വര്‍ദ്ധന വരുത്തിക്കൊണ്ട് 0.5 ശതമാനമാക്കിയത്. മെയ് മാസത്തില്‍ ഇത് 0.75 ശതമാനമാക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ വിധത്തില്‍ പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് കുടുംബങ്ങളെ സാരമായി ബാധിക്കുമെന്ന് കമ്മിറ്റി അധ്യക്ഷനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുമായ മാര്‍ക്ക് കാര്‍ണി പറയുന്നു. മോര്‍ട്ട്‌ഗേജ് പലിശനിരക്കുകളുടെ പലിശനിരക്കുകളില്‍ 150 അടിസ്ഥാന പോയിന്റുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. 1.5 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്.

വരുമാനത്തില്‍ യാതൊരു മാറ്റവും ഇല്ലാത്തതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കുടുംബ വരുമാനത്തിന്റെ 40 ശതമാനം മോര്‍ട്ട്‌ഗേജുകള്‍ തിരിച്ചടക്കുന്നതിനായി ചെലവാകുന്നുവെന്ന് എഫ്പിസി വിലയിരുത്തി. ഇത് സാമ്പത്തിക മാന്ദ്യകാലത്തിന് മുമ്പുള്ള ശരാശരിയാണെന്നും സമിതി മിനുറ്റ്‌സില്‍ രേഖപ്പെടുത്തി. യുകെയിലെ മൊത്തം മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വരുമാനത്തിന്റെ 7.6 ശതമാനം വരുമെന്നാണ് കണക്ക്. സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന 9 ശതമാനത്തിനേക്കാള്‍ കുറവാണ് ഈ നിരക്ക്. വരുമാനത്തിന്റെ 40 ശതമാനം വായ്പകള്‍ തിരിച്ചടക്കാനായി ഉപയോഗിക്കുന്ന കുടുംബങ്ങള്‍ 1.4 ശതമാനം വരും. പ്രതിസന്ധിക്കു മുമ്പ് 1.9 ശതമാനമായിരുന്നു ശരാശരി നിരക്ക്.