ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയിലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ മാന്ദ്യം വളരെ ആശങ്കപ്പെടേണ്ടതാണെന്നും രഘുറാം രാജന്‍ പറഞ്ഞു. ഊര്‍ജ രംഗത്തും ബാങ്കിങ് ഇതര സാമ്പത്തിക മേഖലിയിലുമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഉടനെ തന്നെ പരിഹരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

2013 മുതല്‍ 2016 വരെയായിരുന്നു രാജന്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് രണ്ടാം വട്ടം കേന്ദ്രം അവസരം നിഷേധിക്കുകയായിരുന്നു. ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്ന രീതിയില്‍ മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റ് അരവിന്ദ് സുബ്രഹ്മണ്യന്റെ ഗവേഷണത്തെ കുറിച്ചും രാജന്‍ പരാമര്‍ശിച്ചു.

‘സ്വകാര്യ മേഖലയില്‍ നടന്നിട്ടുള്ള നിരവധിയായ വിശകലനങ്ങളില്‍ വ്യത്യസ്ത തരത്തിലാണ് സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം കേന്ദ്രസര്‍ക്കാരിന്റെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമാണ്. എനിക്ക് തോന്നുന്നത് ഇപ്പോള്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ മെല്ലെപ്പോക്ക് വളരെ ഗുരുതരമാണെന്നാണ്’ സിഎന്‍ബിസി ടിവി18 നോടായിരുന്നു രഘുറാം രാജന്റെ പ്രതികരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2018-19 കാലഘട്ടത്തില്‍ 6.8 ആയി കുറഞ്ഞിരുന്നു. 2014-15 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ വര്‍ഷം സര്‍ക്കാരിന്റെ ലക്ഷ്യമായ ഏഴിനേക്കാളും കുറവായിരിക്കും വളര്‍ച്ച എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതിന്റെ ഏറ്റവും വെളിവായ തെളിവാണ് വാഹന വ്യവസായ രംഗത്തെ തകര്‍ച്ച. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് മേഖല നേരിടുന്നത്. ആയിരക്കണിനാളുകള്‍ക്കാണ് ജോലി നഷ്ടമായത്.

”നമുക്ക് പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്.എന്താണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെന്നും എങ്ങനെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വേണ്ടതെന്നും അറിഞ്ഞായിരിക്കണം മാറ്റം കൊണ്ടു വരേണ്ടത്. ഭരണ നേതൃത്വത്തിനും അതില്‍ വ്യക്തമായ ധാരണ വേണം” അദ്ദേഹം അഭിപ്രായപ്പെട്ടു. 2008 ലെ പ്രതിസന്ധിയെ മറികടക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് നേരെ പ്രയോഗിക്കാന്‍ നില്‍ക്കരുതെന്നും രഘുറാം രാജന്‍ ഓര്‍മപ്പെടുത്തി.