എക്സൈസ് സംഘത്തെയും പോലീസിനെയും വെട്ടിച്ച് പാലിയേക്കര ടോള്‍ പ്ലാസ തകര്‍ത്ത് കടന്ന സ്പിരിറ്റ് വാഹനം പിടികൂടി.എക്‌സൈസ് സംഘമാണ് സ്പിരിറ്റ് കടത്തിയ വാഹനവും, വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ വിനോദിനെയും പിടികൂടിയത്.

അതേസമയം, പിടികൂടിയ വാഹനത്തില്‍ നിന്നും സ്പിരിറ്റ് കണ്ടെത്താനായില്ല. പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിക്കേഡും തകര്‍ത്താണ് സ്പിരിറ്റ് കടത്ത് സംഘം രക്ഷപ്പെട്ടത്. 150 കിലോമീറ്റര്‍ പിന്തുടര്‍ന്നെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം പിടികൂടാനായിരുന്നില്ല.

എറണാകുളം തൃശ്ശൂര്‍ അതിര്‍ത്തിയില്‍ അങ്കമാലിക്ക് സമീപം പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്ന് സ്പിരിറ്റുമായി വാഹനം കിടക്കുന്നത് എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.

എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ സ്പിരിറ്റ് കടത്ത് സംഘം വാഹനം മുന്നോട്ടെടുത്തു. തൃശ്ശൂര്‍ ഭാഗത്തേക്കായിരുന്നു പോയത്. ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോവുകയും പാലിയേക്കര ടോള്‍ പ്ലാസയുടെ ബാരിക്കേഡ് ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.

പട്ടിക്കാട് എട്ടംഗ പോലീസ് സംഘം വാഹനം പിടികൂടാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ കടന്നു. പാലക്കാട് എത്തുന്നതിന് മുന്‍പ് വാഹനം തിരിച്ച് മംഗലം ഡാമിലേക്കുള്ള വഴിയെ പോയി. ഇത്രയും നേരം എക്‌സൈസ് സംഘം സ്പിരിറ്റ് ലോറിയെ പിന്തുടര്‍ന്നെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.