കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയക്കുന്ന അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്ന് വ്യവസായി രാഹുല്‍ ബജാജ്. മുംബൈയില്‍ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് രാഹുല്‍ ബജാജിന്റെ വിമര്‍ശനം. അതേസമയം, ആരും ഭയക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ മറുപടിയായി പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് സദസിലിരുന്ന പ്രമുഖ വ്യവസായി രാഹുല്‍ബജാജ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയക്കുകയാണ്. വിമര്‍ശനങ്ങള്‍ അതേ അര്‍ഥത്തില്‍ മോദി സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്ന് തനിക്ക് ഉറപ്പില്ല. യു.പി.എ സര്‍ക്കാര്‍ കാലത്ത് വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് താന്‍ അടക്കം നന്നായി വിനിയോഗിച്ചെന്നും ബജാജ് പറഞ്ഞു.
എന്നാല്‍, ഭയക്കേണ്ട കാര്യമില്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു. സര്‍ക്കാരിനെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. സുത്യാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയാണെന്നും ഷാ വ്യക്തമാക്കി. ഗാന്ധിജിയെ വെടിവച്ചത് ആരാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂറിന്റെ ഗോഡ്സെ ഭക്തിയെ ഉന്നം വച്ചും ബജാജ് ആഞ്ഞടിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പ്രജ്ഞയ്‍ക്ക് മാപ്പില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍പ് പറഞ്ഞെങ്കിലും അതേ പ്രജ്ഞയെ പ്രതിരോധ പാര്‍ലമെന്ററികാര്യ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതാണ് പിന്നീട് കണ്ടതെന്നും രാഹുല്‍ ബജാജ് വിമര്‍ശിച്ചു.
Leave a Reply