ഡോ. ഐഷ വി

അന്ന് ചിറക്കര ത്താഴം ശിവ ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. ഞങ്ങൾ അച്ഛന്റെ അമ്മാവന്റെ വീട്ടിൽ ഒത്തുകൂടി. വല്യമ്മച്ചിയ്ക്ക് അന്ന് നല്ല പണിയായിരുന്നു. ബന്ധുക്കളുടെ തിരക്ക് കൂടാതെ “നല്ലതങ്ക ബാലെ” എന്ന നൃത്തം അവതരിപ്പിക്കുന്നവർക്കുള്ള ഭക്ഷണവും വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നത് അവിടെയായിരുന്നു. ഞങ്ങൾ ആദ്യ ട്രിപ്പ് പായസം കുടിച്ച് കഴിഞ്ഞപ്പോൾ ഘോഷയാത്രയുടെ ചെണ്ടമേളം കേട്ടു. ഞങ്ങൾ കിഴക്കുഭാഗത്തെ പടവുകളിറങ്ങി ഘോഷയാത്ര കാണാനെത്തി. ശ്രീദേവി അപ്പച്ചിയുടെ മക്കൾ താലപ്പൊലിയെടുക്കുന്നുണ്ടായിരുന്നു. രോഹിണി അപ്പച്ചിയുടെ മുതിർന്ന മക്കൾ കുട്ടികളെ സഹായിക്കാനായി അവർക്കൊപ്പം നിന്നു. ഗിരിജ ചേച്ചി ബേബിയുടെ കൈവശുള്ള താലത്തിലിരിയ്ക്കുന്ന ദീപത്തിന്റെ തിരി നീട്ടിയപ്പോഴായിരുന്നു ഞാനത് ശ്രദ്ധിച്ചത്. മരോട്ടിക്കായുടെ ഒരു പിളർപ്പിൽ എണ്ണയൊഴിച്ച് തിരിയിട്ടിരിക്കുകയായിരുന്നു. മരോട്ടിക്കായ ഞാൻ ആദ്യമായി കാണുകയായിരുന്നു. പടവിൽ അടുത്തു നിന്ന അമ്മയോട് ചോദിച്ചപ്പോഴാണ് അത് മരോട്ടിക്കായാണെന്നറിയുന്നത്.

നെറ്റിപ്പട്ടം കെട്ടിയ ആനകളും ചെണ്ടമേളക്കാരും താലപ്പൊലിക്കാരും ഇടയ്ക്ക് കോലം കെട്ടി തുള്ളുന്നവരുമൊക്കെയടങ്ങിയ ഘോഷയാത്ര പോയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു കയറി. അധികം താമസിയാതെ ബാലെക്കാരുടെ വണ്ടിയെത്തി. “നല്ല തങ്ക ബാലെ” എന്ന് ബോർഡ് വച്ചിട്ടുണ്ടായിരുന്നു. ബാലെക്കാരുടെ ഭക്ഷണം വിശ്രമം എന്നിവ അവിടെ നടന്നു. ആകപ്പാടെ നല്ല തിരക്ക് ഇതിനിടയിൽ അവരുടെ കൂട്ടത്തിലെ സുന്ദരിയായ ഒരു യുവതി അകത്തെ മുറിയിലേയ്ക്ക് കയറി. ഞാൻ അവരുടെ പിന്നാലെ കൂടി. അവർ പരിപാടിയ്ക്ക് ഒന്ന് തയ്യാറെടുക്കാനുള്ള പുറപ്പാടിലാണെന്ന് മനസ്സിലായി. കൈവിരലുകൾ പ്രത്യേക രീതിയിൽ വിന്യസിച്ച് ബാലെയിലെ രംഗങ്ങൾ അവർ അവിടെയാടി നോക്കുകയായിരുന്നു. എന്റെ സാന്നിധ്യം പാടെ വിസ്മരിച്ച് അവർ ചെയ്യുന്ന കാര്യങ്ങൾ ഏറ്റവും മികച്ചതാക്കാനായിരുന്നു അവരുടെ ശ്രമം. അവരത് അമൂർത്തമാക്കുന്നത് ഞാൻ വളരെ ആസ്വദിച്ചു.

കുറേ നേരം കടന്നുപോയി. ഒരു മുതിർന്ന സ്ത്രീ വന്ന് യുവതിയെ വിളിച്ചപ്പോൾ അവർ അമ്പലത്തിലേയ്ക്ക് പോകാനൊരുങ്ങി. അവർ വണ്ടിയിൽ യാത്രയായിക്കഴിഞ്ഞപ്പോൾ വല്യചഛനും വല്യമ്മച്ചിയും രഘുമാമനും ഞങ്ങളും കൂടി വീടും പൂട്ടി അമ്പലത്തിലേയ്ക്ക് നടന്നു. വീട്ടുകാവലിന് “കരിമൻ” എന്ന നായ മാത്രം. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാനും കിടക്കാനും ആവശ്യമായത്രയും പായകൾ വല്യമ്മച്ചി കൈയ്യിൽ കരുതിയിരുന്നു. ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോഴേയ്ക്കും ഘോഷയാത്ര കഴിഞ്ഞ് ആനകളെ ക്ഷേത്രത്തിന്റെ പുറക് ഭാഗത്ത് ഒതുക്കി കെട്ടിയിരുന്നു. ഞങ്ങൾ അമ്പലത്തിൽ തൊഴുതു വന്നപ്പോഴേയ്ക്കും ചെറിയ തോതിലുള്ള വെടിക്കെട്ട് തുടങ്ങിയിരുന്നു. ഉത്സവ സ്ഥലങ്ങളിൽ അന്തരീക്ഷം ശുദ്ധമാകാൻ കരിമരുന്നു പ്രയോഗം നല്ലതാണെന്ന കാര്യവും ചൈനാക്കാരാണ് കരിമരുന്ന് പ്രയോഗം കണ്ടുപിടിച്ചതെന്നു ഞാനോർത്തു.

വെളുപ്പാൻ കാലത്താണ് വലിയതോതിൽ വെടിക്കെട്ട് നടത്തിയിരുന്നത്. ഉത്സവത്തിലെ പ്രധാന പരിപാടി അവസാനിക്കുമ്പോഴാണ് വെടിക്കെട്ട് തുടങ്ങുക. പ്രസംഗം, മിമിക്രി തുടങ്ങിയ കുറച്ച് പരിപാടികൾക്ക് ശേഷം ബാലെ ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾ ഉറങ്ങാൻ തുടങ്ങി. വല്യമ്മച്ചി ഒരോരുത്തരെയായി പായിൽ കിടത്തി. മുതിർന്നവർ ഉറങ്ങാതിരുന്ന് ബാലെ കണ്ടു. ഞാനും ഇടയ്ക്കപ്പോഴോ ഉറങ്ങിപ്പോയി. പരിപാടി അവസാനിച്ച് വെടിക്കെട്ട് തുടങ്ങിയപ്പോൾ വല്യമ്മച്ചി എല്ലാവരെയും വിളിച്ചുണർത്തി. കുട്ടികൾ ഉറക്കച്ചടവിലായിരുന്നു. വല്യമ്മച്ചി പായെല്ലാം ചുരുട്ടിയെടുത്തു. ഞങ്ങളെയും നടത്തിച്ച് വീട്ടിലെത്തി. തലേ രാത്രിയിൽ അവനെ ഒറ്റയ്ക്കാക്കി പോയതിന്റെ പ്രതിഷേധം ഒന്നു മുരണ്ട് പ്രകടിപ്പിച്ച ശേഷമാണ് “കരിമൻ” ഞങ്ങളെ വാലാട്ടി സ്വീകരിച്ചത്.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.