ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പ്. ഇന്ത്യയുടെ യുവനിര പ്രഥമ ടി20 ലോകകപ്പ് നേടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് എല്ലാ അർത്ഥത്തിലും അത് പുതുയുഗമായിരുന്നു. ധോണിയെന്ന നായകനെ കിട്ടുന്നതും കരുത്തും കഴിവുമുള്ള ഒരു കൂട്ടം യുവതാരങ്ങൾ ടീമിൽ സ്ഥാനമുറപ്പിക്കുന്നതുമെല്ലാം 2007ലെ ലോകകപ്പ് നേട്ടത്തിന് ശേഷമാണ്. എന്നാൽ ആ സന്തോഷത്തിന്റെ ഭാഗമാകാതിരുന്ന മൂന്ന് ഇന്ത്യൻ ഇതിഹാസങ്ങളുണ്ട്, സൗരവ് ഗാംഗുലി, സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്.

ഇപ്പോഴും പല ആളുകളും വിശ്വസിക്കുന്നത് മൂവരും യുവനിരയ്ക്ക് അവസരം നൽകാൻ വേണ്ടിയായിരുന്നു അത്തരത്തിലൊരു പിൻമാറ്റം നടത്തിയതെന്നാണ്. എന്നാൽ സച്ചിൻ ടെൻഡുൽക്കർ ശരിക്കും അന്ന് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി അന്നത്തെ ടീം മാനേജറുടെ വെളിപ്പെടുത്തൽ. ലാൽചന്ദ് രജ്പുത്താണ് പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

“നായകനായിരുന്ന രാഹുൽ ദ്രാവിഡാണ് ഗാംഗുലിയെയും സച്ചിനെയും ടൂർണമെന്റിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ചില താരങ്ങൾ നേരിട്ടാണ് ലോകകപ്പ് നടന്ന ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെത്തിയത്. ഈ സാഹചര്യത്തിൽ യുവനിരയ്ക്ക് അവസരം നൽകാമെന്ന് ദ്രാവിഡാണ് അവരോട് പറഞ്ഞത്,” ലാൽചന്ദ് രജ്പുത് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ലോകകപ്പ് നേടിയതിന് ശേഷം അവർ അതേക്കുറിച്ച് പശ്ചാത്തപിച്ചിരിക്കണം, കാരണം താൻ ഇത്രയും വർഷമായി കളിക്കുന്നുണ്ടെന്നും ഇപ്പോഴും ലോകകപ്പ് നേടിയിട്ടില്ലെന്നും സച്ചിൻ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ നായകത്വ മികവിനെയും അദ്ദേഹം പ്രശംസിച്ചു. “സത്യം പറഞ്ഞാൽ, അവൻ വളരെ ശാന്തനായിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ മൈതാനത്ത് തീരുമാനമെടുക്കേണ്ടതിനാൽ അദ്ദേഹം രണ്ട് തവണ ചിന്തിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം അദ്ദേഹം ചിന്തിക്കുന്ന ക്യാപ്റ്റനായിരുന്നു എന്നതാണ്,” ലാൽചന്ദ് രജ്പുത് കൂട്ടിച്ചേർത്തു.