അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അട്ടിമറി തോല്‍വി. നെഹ്‌റു കുടുംബത്തിന് വൈകാരിക ബന്ധമുള്ള സ്ഥലം കൂടിയായ യു.പിയിലെ ഈ ലോക്സഭ മണ്ഡലത്തില്‍ സ്മൃതി ഇറാനിയോടാണ് തോല്‍വി. 54731 വോട്ടുകള്‍ക്കാണ് തോല്‍വി. അടിയന്തരവസ്ഥയ്ക്കു ശേഷം 3 വർഷവും, 98ലെ തിരഞ്ഞെടുപ്പിലും മാത്രമാണ് ഇവിടം കോൺഗ്രസിനെ കൈവിട്ടത്.
2004 വരെ സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. 2004ൽ മകനു വേണ്ടി സോണിയ മാറികൊടുത്ത മണ്ഡലത്തിൽ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുൽ തന്റെ ആദ്യ ജയം കൊയ്തത്. 2009 ൽ ഭൂരിപക്ഷം 3,70,198 വോട്ടായി. കഴിഞ്ഞ തവണ ശക്തമായ മോദി തരംഗത്തിൽ ഒരുലക്ഷത്തിൽപരം വോട്ടിനു തോൽപ്പിച്ച സ്മൃതി ഇറാനിയാണ് ഇത്തവണ രാഹുലിനോട് പകരം വീട്ടിയത്.
1977ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധിയാണ് ഇതിനു മുമ്പ് ഗാന്ധികുടുംബത്തിൽ നിന്നും അമേഠിയിൽ തോറ്റ സ്ഥാനാർഥി. ജനതാ പാർട്ടിയുടെ രവീന്ദ്രപ്രതാപ് സിങാണ് അന്ന് സഞ്ജയ്‌നെ തോൽപിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയും തോറ്റിരുന്നു. അതിനുശേഷം സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയുമാണു മണ്ഡലം കാത്തത്.
രാജീവിനു ശേഷം, ഗാന്ധികുടുംബത്തിനു പുറത്തുനിന്നു മത്സരിച്ച സതീഷ് ശർമയെ 1998 ൽ ബിജെപിയുടെ സഞ്ജയ് സിങ് തോൽപ്പിച്ചു. ഒരു വർഷം മാത്രമേ സഞ്ജയ് എംപി ആയിരുന്നുള്ളു. പിന്നീട് സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ചു. 2004 മുതൽ മൂന്നുവട്ടം രാഹുൽ ഇവിടെ നിന്നു തുടർച്ചയായി ജയിച്ചു. ഒടുവിൽ അമേഠിയിലെ ജനങ്ങൾ ഗാന്ധികുടുംബത്തേയും പ്രധാനമന്ത്രി സ്ഥാനാർഥിയെയും പരാജയപ്പെടുത്തി. 1977 ൽ സഞ്ജയ് ഗാന്ധി തോൽക്കാൻ വ്യക്തമായ കാരണമുണ്ടായിരുന്നെങ്കിലും ഇന്ന് രാഹുലിന്റെ തോൽവിക്കുള്ള കാരണം ഏറെ ചർച്ച ചെയ്യപ്പെടും.
Leave a Reply