ന്യൂഡല്‍ഹി: സര്‍ക്കാര്‍ സുപ്രീംകോടതിയെപ്പോലും നിശബ്ദമാക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും മോദി തയ്യാറാകുന്നില്ല. പാര്‍ലമെന്റിനെപ്പോലും അദ്ദേഹം നിശബ്ദമാക്കി. എട്ട് വയസുകാരി പീഡനക്കൊലയ്ക്ക് ഇരയായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നു. മോദി സംസാരിക്കുന്നത് മന്‍ കി ബാത്തിലൂടെ മാത്രമാണെന്നും രാഹുല്‍ ആരോപിച്ചു.
മോദിയും എന്‍ഡിഎയും തുടരുന്നത് ദളിത് വിരുദ്ധതയാണ്. കേന്ദ്രസര്‍ക്കാര്‍ നയത്തിന് വോട്ടിലൂടെ തിരിച്ചടി നല്‍കണം. രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ട ബിജെപി എംഎല്‍എമാര്‍ പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്നു. ആര്‍എസ്എസ് ആശയങ്ങള്‍ ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങള്‍ക്ക് മേല്‍ ആധിപത്യം നേടാനാണെന്നും രാഹുല്‍ ആരോപിച്ചു. മോദി സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെന്നും രാഹുല്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധപരിപാടികള്‍ക്ക് തുടക്കം കുറിച്ചാണ് രാഹുല്‍, കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഉത്തരേന്ത്യയിലെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ പതിനായിരത്തോളം പേരാണ് തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നത്. ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആഹ്വാനം. മുതിര്‍ന്ന നേതാക്കളും പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
Leave a Reply