ഒരു ഗ്രാമം തന്നെ ഇല്ലാതായ കാഴ്ച. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീർ. അവരുടെ വാക്കുകളിലെ നിസഹായത. ഇൗ നേർചിത്രങ്ങളുടെ ഇടയിലാണ് വയനാട് എംപി രാഹുൽ ഗാന്ധി. ദുരിതാശ്വാസക്യാംപുകളിലെത്തിയ രാഹുൽ അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഭക്ഷണം ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ കുറവ് ക്യാംപിലെ താമസക്കാര്‍ രാഹുലിന്റെ ശ്രദ്ധയില്‍പെടുത്തി. ഇതിന് പിന്നാലെയാണ് ദുരന്തം നടന്ന കവളപ്പാറയിലേക്ക് രാഹുൽ എത്തിയത്. അപ്രതീക്ഷിതമായിരുന്നു ഇൗ യാത്ര. മണ്ണിടിഞ്ഞെത്തിയ മഹാദുരന്തത്തെ പറ്റി ഉദ്യോഗസ്ഥർ അദ്ദേഹത്തിനോട് വിശദീകരിച്ചു. ദുരന്തമുഖത്ത് വച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്.
മലപ്പുറം കലക്ട്രേറ്റില്‍ രാഹുൽ ഗാന്ധി ഇന്ന് അവലോകനയോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രമുഖനേതാക്കളും രാഹുലിനെ അനുഗമിച്ചു. നാളെ വയനാട്ടിലെ പുത്തുമല ഉള്‍പ്പെടെയുള്ള ദുരിതബാധിതമേഖലകള്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും.
ഒരു നാടാകെ മണ്ണിനടിയിലായ മലപ്പുറം കവളപ്പാറയില്‍നിന്ന് ഇന്നും മൃതദേഹങ്ങള്‍ കണ്ടെത്തി. സൈന്യമടക്കം സന്നാഹങ്ങള്‍ സജ്ജമെങ്കിലും തിരച്ചില്‍ അതിദുഷ്കരമായി തുടരുന്നു. ഉപകരണങ്ങളുടെ കുറവാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വലിയ പ്രതിസന്ധി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിവച്ചു. ഇനിയും കണ്ടെത്താനുള്ള അന്‍പതുപേര്‍ക്കായി നാളെ വീണ്ടും തിരച്ചില്‍ തുടരും. പ്രതിസന്ധികളുണ്ടെങ്കിലും കാണാതായ എല്ലാവരെയും കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Leave a Reply