കേരളത്തിൽ മത്സരിക്കാനും നിങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാകുന്നത് അഭിമാനമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിന്റെ ശബ്ദം പ്രതിനിധീകരിക്കാനായാൽ അതു വലിയ ഒരു ഭാഗ്യമാകും. കേരളം പല രംഗത്തും മാതൃകയാണ്. വ്യത്യസ്തങ്ങളായ ആശയങ്ങളും ജീവിതരീതികളും പുലരുന്പോൾ തന്നെ പരസ്പരം കരുതാനും സ്നേഹിക്കാനും കഴിയുന്നവരാണ് കേരളീയർ. സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ മറ്റുള്ളവരുടെ ആശയങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് കേരളീയർ. നിങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ലഭിച്ച അവസരമായി ഞാൻ ഇതിനെ കാണുന്നു. കേരള ചരിത്രം, പാരന്പര്യം ഇവയെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. നിങ്ങളുടെ ഭാഷ പഠിക്കാനും ശ്രമിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
പരിക്കേറ്റു ചികിത്സയിലായിരുന്നിട്ടും പ്രചാരണ രംഗത്തേക്കു ശക്തമായി മടങ്ങിയെത്തിയ ഡോ. ശശി തരൂരിനെ പ്രകീർത്തിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാർഥിയായ തരൂരിനെ ചേർത്തു നിർത്തിയാണു രാഹുൽ തരൂരിനെക്കുറിച്ചു വാചാലനായത്. കഴിഞ്ഞ ദിവസം തരൂരിന് ഒരപകടം പറ്റിയതായറിഞ്ഞപ്പോൾ തനിക്കു വലിയ വിഷമം തോന്നിയെന്നും എന്നാൽ, പ്രചാരണത്തിനായി ഇവിടെയെത്തുമ്പോൾ കർമനിരതനും ഉൗർജസ്വലനുമായ തരൂരിനെ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.തരൂരിനെക്കുറിച്ച് രാഹുൽ പറഞ്ഞ നല്ല വാക്കുകൾക്കെല്ലാം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കോണ്ഗ്രസ് പ്രവർത്തകർ ആവേശത്തോടെ കയ്യടിച്ചു. പരിക്ക് ഭേദപ്പെടും മുമ്പ് പ്രചാരണരംഗത്തു മടങ്ങിയെത്തിയത് തരൂരിന്റെ മനഃശക്തിയാണ് തെളിയിക്കുന്നത്. കോണ്ഗ്രസ് പാർട്ടിക്കും കേരളത്തിനും കിട്ടിയ അമൂല്യ സമ്പത്താണ് തരൂർ. അതുകൊണ്ട് തരൂരിന്റെ വിജയം തലസ്ഥാനത്തെ ജനങ്ങൾ ഉറപ്പു വരുത്തണം. കോണ്ഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ തലസ്ഥാനത്തെ ജനങ്ങളോട് താൻ ഇതാണ് പറയാൻ ആഗ്രഹിക്കുന്നതെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടിവരില്ലെന്ന് രാഹുൽഗാന്ധി ഉറപ്പു നല്കി. രാജ്യത്ത് ഒരു നീതി മാത്രമേയുണ്ടാകൂ. അതു പാവപ്പെട്ടവനും പണക്കാരനും ഒരേപോലെയാകണം. കർഷകർക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്ന കോണ്ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം അവരോടുള്ള താത്പര്യത്തിന്റെ ഫല മാണ്. ആയിരക്കണക്കിനു കർഷകരോടു സംസാരിച്ചശേഷമാണ് ഇത്തരമൊരു പ്രഖ്യാപനം ഉൾപ്പെടുത്തിയത്. കർഷകരോട് ആലോചിക്കാതെ അവരുമായി ബന്ധപ്പെട്ട ഒരു തീരുമാനവുമുണ്ടാകില്ല. റബറിന്റെ മിനിമം വില വർധിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാകും. മോദി സർക്കാരിന്റെ നയം മൂലം റബർ വില കുത്തനെ ഇടിയുകയായിരുന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
കർഷകർക്കുള്ള നഷ്ടപരിഹാരം, പുത്തൻ സാങ്കേതികവിദ്യയുടെ അവതരണം, സഹായങ്ങൾ ഇക്കാര്യങ്ങളിലൊക്കെ കർഷകരുമായി കൂടിയാലോചന നടത്തും. വിദ്യാഭ്യാസം സ്വകാര്യവത്കരിക്കാനുള്ള തീരുമാനം ശരിയല്ല. ദരിദ്ര കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം തന്നെ നിഷേധിക്കുന്ന നടപടിയാണിത്. നരേന്ദ്ര മോദി സർക്കാർ വിദ്യാഭ്യാസത്തിനുള്ള സർക്കാർ വിഹിതം വെട്ടിക്കുറച്ചത് ലജ്ജാകരമാണ്. രാജ്യത്തിന്റെ പൊതുവരുമാനത്തിൽ ആറു ശതമാനം വിദ്യാഭ്യാസത്തിനു ചെലവിടണമെന്നതാണ് കോണ്ഗ്രസ് നയം: രാഹുൽ പറഞ്ഞു.
Leave a Reply