ചൈനയുമായുള്ള അതിർത്തി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രത്തിന്റെ സമീപനത്തെ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി നെവിൽ ഷാംബർ‌ലെയ്ൻ, ചെക്കോസ്ലോവാക്യയുടെ ഒരു ഭാഗം 1938 ൽ നാസി ജർമ്മനിക്ക് വിട്ടുകൊടുത്തതിനൊട് ഉപമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിന്റെ ഈ പെരുമാറ്റം ചൈനയെ കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തികൾക്ക് ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.

“ചൈന നമ്മുടെ ഭൂമി കൈയടക്കി, കേന്ദ്രസർക്കാർ ഷാംബർ‌ലെയിനെപ്പോലെ പെരുമാറുന്നു. ഇത് ചൈനയെ കൂടുതൽ ധൈര്യപ്പെടുത്തും. കേന്ദ്ര സർക്കാരിന്റെ ഭീരുത്വം കാരണം ഇന്ത്യ വലിയ വില നൽകേണ്ടി വരും, ” മോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

1938 ൽ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി നെവിൽ ഷാംബർ‌ലെയിയ്നും ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർഡ് ഡലാഡിയറും നാസി ഭരണാധികാരി അഡോൾഫ് ഹിറ്റ്ലറുമായുള്ള മ്യൂണിച്ച് കരാറിൽ ഒപ്പു വച്ചിരുന്നു. ഈ കരാർ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കിയെങ്കിലും പടിഞ്ഞാറൻ ചെക്കോസ്ലോവാക്യയിലെ സുഡീറ്റൻലാൻഡിനെ ജർമ്മൻ ആധിനിവേശത്തിന് വിട്ടുകൊടുത്തിരുന്നു.

ലേയിലെ പാങ്കോങ്‌സോയിലെ ഏറ്റുമുട്ടൽ പ്രദേശത്ത് നിന്ന് വളരെ അകലെയല്ലാത്ത ഒരു ഫോർ‌വേഡ് പോസ്റ്റിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച സന്ദർശനം നടത്തിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള “ചർച്ചകളിലെ പുരോഗതി” പ്രശ്‌നം പരിഹരിക്കുമെന്ന് രാജ്നാഥ് സിങ്ങ് സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. എന്നാൽ അത് എത്രത്തോളം പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞില്ല.

“അതിർത്തി തർക്കം പരിഹരിക്കുന്നതിനായി നിലവിൽ ചർച്ചകൾ നടക്കുന്നു. ഇതുവരെ ചർച്ചകളിൽ കൈവരിച്ച പുരോഗതി വഴി പ്രശ്‌നം പരിഹരിക്കണം. അത് എത്രത്തോളം പരിഹരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല. എന്നാൽ ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യൻ പ്രദേശത്തിന്റെ ഒരിഞ്ച് തൊടാനോ പിടിച്ചെടുക്കാനോ കഴിയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു, ” എന്ന് ഫിംഗർ 4 ൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ലുകുങിൽ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സിംഗ് പറഞ്ഞിരുന്നു.