രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിന് പത്തനാപുരത്തും തിരുവനന്തപുരത്തും ആവേശമേകിയ ജ്യോതിക്ക് മലയോരനാടിന്റെ നിലയ്ക്കാത്ത”കൈയടി’. <br> <br> കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധിയുടെ വാക്കുകളുടെ അർഥവും ആഴവും അണുവിട ചോരാതെ ജനഹൃദയങ്ങളിലേക്ക് ആവേശം ചാലിച്ച് പകര്‍ന്നതോടെയാണ് ജനഹൃദയങ്ങളിൽ താരമായി മാറിയ ജ്യോതി വിജയകുമാർ തിരുവമ്പാടിയിലും ശ്രദ്ധേയയായത്. മുൻ സമ്മേളനങ്ങളിൽ രാഹുൽ ഗാന്ധിയുടെ വാക്കുകളുടെ ആവേശം പ്രവര്ത്തകരിലേക്കെത്തിച്ച ജ്യോതിയുടെ വാക്ചാതുരിയാണ് വയനാട് മണ്ഡലത്തിലെ തിരുവമ്പാടിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലും പരിഭാഷകയായി നിയോഗിക്കാൻ കെപിസിസി നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ഉത്തരേന്ത്യയില്‍നിന്ന് വയനാട്ടിൽ മത്സരിക്കാനുള്ള കാരണവും പ്രധാനമന്ത്രിക്കു നേരെയുള്ള വിമര്‍ശനശരങ്ങളും രാഹുല്‍ഗാന്ധി ഇംഗ്ലീഷിൽ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അതേ വികാരത്തോടെതന്നെ മലയാളമായി പരിഭാഷപ്പെടുത്തി സദസിനെ കൈയിലെടുക്കാന്‍ ജ്യോതിക്കായി. പ്രസംഗത്തിന്റെ ആവേശം കൂടിയപ്പോൾ പരിഭാഷപ്പെടുത്താനുള്ള സമയം നല്കാന് പോലും ഒരു ഘട്ടത്തിൽ രാഹുല്‍ഗാന്ധി മറന്നു. തെറ്റ് സംഭവിച്ചത് ബോധ്യപ്പെട്ട ഉടന്‍ തന്നെ രാഹുല്‍ഗാന്ധി പ്രസംഗത്തിനിടെ ജ്യോതിയോട് മാപ്പു പറയുകയും മലയാളം പരിഭാഷ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തത് ശ്രദ്ധേയമായി.
അരമണിക്കൂറാണ് തിരുവമ്പാടിയിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ പ്രസംഗിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ പരിഭാഷ വ്യക്തമാകാതിരുന്നത് സ്റ്റേജിലെ സ്പീക്കറിന്റെ തകരാറാണെന്നായിരുന്നു വിശദീകരണം. എസ്പിജി (സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) വേദിയിലെ സ്പീക്കർ മാറ്റുകയായിരുന്നു. രാഹുല്‍ തിരുവമ്പാടിയിലെ വേദിയില്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ എസ്പിജി അംഗങ്ങള്‍ വേദിയിലെത്തി മൈക്കും സ്പീക്കറും പല തവണ പരിശോധിച്ച് വേണ്ട നിർദേശങ്ങൾ നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള ചുമതലയേറ്റെടുത്ത ജ്യോതിയും ശബ്ദവ്യതിയാനങ്ങൾ മനസിലാക്കി. അതിനു ശേഷമാണ് രാഹുല്‍ ഗാന്ധി വേദിയില്‍ എത്തിയത്. പ്രസംഗം തുടങ്ങുന്നതിനു മുമ്പുതന്നെ ജ്യോതിയെ കെ.സി. വേണുഗോപാല്‍ സദസിന് പരിചയപ്പെടുത്തി. ഇതോടെ നിറഞ്ഞ കൈയടിയുമായി പ്രവര്‍ത്തകര്‍ ജ്യോതിയെ വരവേല്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനു ശേഷം ജ്യോതിക്കും കൈയടി നല്‍കിയാണ് പ്രവര്‍ത്തകര്‍ മലയോരമണ്ണില്നിന്ന് യാത്രയാക്കിയത്.
Leave a Reply