ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവന്‍ സൈനികരെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ സന്ദേശത്തിലാണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്കെതിരെ രാഹുല്‍ രംഗത്തെത്തിയത്. ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്, കാരണം അത് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്.

അത് നമ്മുടെ ദേശീയപതാകയെ അപമാനിക്കലാണ്,കാരണം പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണത്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു മിസ്റ്റര്‍ ഭഗവത്’ എന്ന് രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.

ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാകുകയും ഭരണഘടന അനുവദിക്കുകയും ചെയ്താല്‍ ആര്‍എസ്എസിനു വെറും മൂന്ന് ദിവസം മതിയെന്നാണ് പൂനെയില്‍ നടത്തിയ പ്രസംഗത്തില്‍ മോഹന്‍ ഭഗവത് പറഞ്ഞത്.

അതേസമയം മോഹന്‍ ഭഗവതിന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വാദവുമായി ആര്‍എസ്എസും രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ ഭഗവത് സൈന്യത്തെയും ആര്‍എസ്എസിനെയും താരതമ്യം ചെയ്തിട്ടില്ലെന്ന് മന്‍മോഹന്‍ വൈദ്യ വിശദീകരണത്തില്‍ പറഞ്ഞു.