ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(യു.കെ) സംഘടിപ്പിക്കുന്ന സമ്മേളനത്തിലും ആശയസംവാദത്തിനായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി ലണ്ടനില്‍. പരിപാടികൾക്കിടെ രാഹുലിനെ ചോദ്യംചെയ്ത് ബുദ്ധിമുട്ടിക്കാൻ ബി.ജെ.പി. അനുകൂലികളും പരിപാടികൾ അലങ്കോലപ്പെടുത്താൻ ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളും ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ആന്ത്രപ്പോളജി വകുപ്പിനു കീഴിലുള്ള സൗത്ത് ഏഷ്യാ സെന്ററിന്റെ സഹകരണത്തോടെ നാഷണൽ ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് ആലൂംനി യൂണിയനാണ് വെള്ളിയാഴ്ച രാഹുലുമായി ആശയസംവാദത്തിന് അവസരമൊരുക്കുന്നത്.
എൽ.എസ്.ഇയിലെ അസോസിയേറ്റ് പ്രഫസർ മുഗുളികാ ബാനർജിയുമായുള്ള ആശയവിനിമയത്തിനുശേഷം സദസിൽനിന്നുള്ള ചോദ്യങ്ങൾക്ക് രാഹുൽ മറുപടി പറയും.
സദസിലെ ആരിൽനിന്നുമുള്ള ചോദ്യങ്ങൾക്കും വഴങ്ങുന്ന രാഹുലിന്റെ ശൈലി മുതലെടുത്ത് കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി കോൺഗ്രസ് പ്രസിഡന്റിനെ വെള്ളം കുടിപ്പിക്കാൻ ബി.ജെ.പി. അനുകൂലികളായ ചിലർ തയാറാകുന്നതായി സംഘാടകർക്ക് സൂചന ലഭിച്ചിട്ടുണ്ട്.
വിഷമിപ്പിക്കുന്ന ചോദ്യങ്ങളിലൂടെ രാഹുലിനെ കുരുക്കി, വാര്‍ത്തയാക്കാനാണ് നീക്കം. മുൻപ് പല വിദേശപരിപാടികളിലും രാഹുലിനെതിരെ സമാനമായ നീക്കം നടത്തിയിരുന്നു.
സൗത്ത് റൂയ്സ്ലിപ്പിലെ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ശനിയാഴ്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.കെയുടെ ആഭിമുഖ്യത്തിലുള്ള സ്വീകരണവും ആശയവിനിമയവും.
രാഹുലിന്റെ സന്ദർശനത്തിനിടെ ചില ദേശവിരുദ്ധ ശക്തികളും തീവ്രവാദപശ്ചാത്തലമുള്ള സംഘടനകളും പ്രതിഷേധവുമായി എത്തിയേക്കുമെന്ന സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് കമൽപ്രീത് ധലിവാൾ വ്യക്തമാക്കി.
ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചടങ്ങിനെത്തുന്നവരെ കർശന സുരക്ഷാപരിശോധനകൾക്കുശേഷമാകും അകത്തേക്കു കടത്തിവിടുകയെന്ന് സംഘാടകർ വ്യക്തമാക്കി.
കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് രാഹുൽഗാന്ധി ഔദ്യോഗിക പരിപാടികൾക്കായി ലണ്ടനിൽ എത്തുന്നത്. ഇരുപതു ലക്ഷത്തോളം ഇന്ത്യക്കാരുള്ള ബ്രിട്ടനിൽ രാഹുലിന്റെ സന്ദർശനത്തിന് പ്രസക്തി ഏറെയാണ്.
Leave a Reply