ഡൽഹിയിൽനിന്നു പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ച കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും സ്മൃതി ഇറാനിയും. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ രാഹുൽ നാടകം കളിക്കുകയാണെന്ന് ആരോപിച്ച നിർമല, രാഹുൽ തൊഴിലാളികൾക്കൊപ്പം നടന്ന് അവരുടെ കുട്ടികളെയും പെട്ടിയും എടുത്താൽ നന്നായിരുന്നെന്നു പരിഹസിച്ചു. രാഹുൽ ഒരു നാണക്കേടാണെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.
കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെടുകയും അവരെ സുരക്ഷിതമായി സ്വദേശത്ത് എത്തിക്കുകയുമാണു ചെയ്യേണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രം നാടകം കളിക്കുകയാണെന്ന് പറയുന്നു. തൊഴിലാളികളുടെ അരികിലിരുന്ന് അവരുമായി സംസാരിച്ച് സമയം കളയുകയല്ല വേണ്ടത്. വീട്ടിലേക്കു തിരിച്ചു നടക്കുന്ന ആളുകളുടെ അടുത്തിരുന്ന് അവരോടു സംസാരിക്കുന്നു. അതാണ് നാടകമെന്നു നിർമല സീതാരാമൻ പറഞ്ഞു.
സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രം കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. ഈ ഘട്ടത്തിൽ ഒരുമിച്ചുനിന്നു കുടിയേറ്റ തൊഴിലാളികളെ സഹായിക്കണമെന്നാണു പ്രതിപക്ഷത്തോട് അഭ്യർഥിക്കാനുള്ളത്. ലക്ഷക്കണക്കിനു തൊഴിലാളികളെ അവരുടെ ജന്മദേശത്തെത്തിക്കുകയും അവർക്കു ഭക്ഷണവും അവശ്യവസ്തുക്കളും ലഭിക്കുന്നെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പലരും ഇപ്പോൾ റോഡുകളിൽ തന്നെയാണ്.
കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്കു വേണ്ടി കൂടുതലായൊന്നും ചെയ്യുന്നില്ല. തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രത്തോട് കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നു സോണിയ ഗാന്ധിയോടു താൻ അഭ്യർഥിക്കുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണു സ്മൃതി ഇറാനി രാഹുലിനെതിരേ പ്രസ്താവന നടത്തിയത്. അന്പത് വയസായിട്ടും കാര്യക്ഷമമായി ഒന്നും ചെയ്യാത്ത ഒരാൾക്ക് ബഹുമാനത്തിന്റെ കണികപോലും ലഭിക്കില്ലെന്നും രാഹുൽ ഒരു നാണക്കേടാണെന്നും അവർ പറഞ്ഞു. നീരവ് മോദി, വിജയ് മല്യ എന്നിവർക്ക് തട്ടിപ്പു നടത്താൻ അവസരം ലഭിച്ചത് യുപിഎ ഭരണകാലത്താണെന്നും അവർ ആരോപിച്ചു
Leave a Reply