ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. പത്തനാപുരം ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥൻ കുണ്ടറ മുളവന പേരയം അമ്പിയിൽ വിജയനിവാസിൽ എ.എസ്.വിനോദ് ആണ് അറസ്റ്റിലായത്.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഇയാൾ പിടിയിലായത്. ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞദിവസം പുനലൂർ ഡിവൈ.എസ്.പി. മുമ്പാകെ ഹാജരാകുകയായിരുന്നു. പത്തനാപുരം പോലീസിനു കൈമാറിയ എ.എസ്.വിനോദിനെ സംഭവം നടന്ന പട്ടാഴി വടക്കേക്കര ചെളിക്കുഴിയിലെത്തിച്ച് തെളിവെടുത്തു.

പത്തനാപുരം ജ്യുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂലായ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവിങ് ടെസ്റ്റിനിടെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് വാഹനത്തിൽ അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പത്തനാപുരം സ്വദേശിയായ യുവതി പറയുന്നത്.

സംഭവത്തിൽ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. വകുപ്പുതല നടപടിക്കു വിധേയമായി യൂണിയൻ സംസ്ഥാന ഭാരവാഹികൂടിയായ വിനോദിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചതോടെ പോലീസിൽ കീഴടങ്ങാൻ നിർബന്ധിതനാകുകയായിരുന്നു. കൊല്ലം ആർ.ടി.ഓഫീസിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരിക്കെ സമാന കേസിൽ ഇയാൾക്കെതിരേ 2017-ൽ മറ്റൊരു യുവതിയുടെ പരാതിയിലും കേസെടുത്തിരുന്നു.